കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മുതൽ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണകേന്ദ്രങ്ങളിൽ ആരംഭിക്കും. 1198 വോട്ടിങ്-വി.വി. പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 1468 ബാലറ്റ് യൂണിറ്റുകളും 1448 കൺട്രോൾ യൂണിറ്റുകളും 1535 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാണ്.
പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങൾ:
*പാലാ - സെന്റ് വിൻസെന്റ് പബ്ലിക് സ്‌കൂൾ പാലാ
*കടുത്തുരുത്തി- കുറവിലങ്ങാട് ദേവമാതാ കോളജ്
*വൈക്കം-എസ്.എം.എസ്.എൻ. എച്ച്.എസ്.എസ്. വൈക്കം
*ഏറ്റുമാനൂർ- സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ
*കോട്ടയം-എം.ഡി. സെമിനാരി എച്ച്.എസ്.എസ്. കോട്ടയം
*പുതുപ്പള്ളി- ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസ്. കോട്ടയം
*ചങ്ങനാശേരി(മാവേലിക്കര മണ്ഡലം) -എസ്.ബി. എച്ച്.എസ്.എസ്. ചങ്ങനാശേരി
*കാഞ്ഞിരപ്പള്ളി (പത്തനംതിട്ട മണ്ഡലം) -സെന്റ് ഡൊമനിക്‌സ് എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി
*പൂഞ്ഞാർ(പത്തനംതിട്ട മണ്ഡലം) - സെന്റ് ഡൊമനിക്‌സ് കോളജ് കാഞ്ഞിരപ്പള്ളി
പാലാ- 176 ,കടുത്തുരുത്തി-179 ,വൈക്കം-159 ,ഏറ്റുമാനൂർ-16 ,കോട്ടയം-171,പുതുപ്പള്ളി-182 ,പിറവം-166 ചങ്ങനാശേരി -172 ,കാഞ്ഞിരപ്പള്ളി -181 ,പൂഞ്ഞാർ -179 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിംഗ് ബൂത്തുകളുടെ എണ്ണം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിൽ പോളിങ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 1881 വീതം പ്രിസൈഡിങ് ഓഫീസർമാരെയും ഫസ്റ്റ് പോളിങ് ഓഫീസർമാരെയും 3762 പോളിങ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ 160 സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചു. ക്രിട്ടിക്കൽ പോളിങ് സ്റ്റേഷനുകളിൽ നിരീക്ഷണത്തിന് 24 മൈക്രോ ഒബ്സർവർമാരുണ്ട്. കോട്ടയം ജില്ലയിൽ മാവേലിക്കര, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിലേതുൾപ്പെടെ 1564 പോളിങ് ബൂത്തുകളാണുള്ളത്. ഇതിൽ 1173 ബൂത്തുകളിലും വെബ്കാസ്റ്റിങ് സജ്ജമാക്കിയിട്ടുണ്ട്. ഏപ്രിൽ 26 ന് രാവിലെ മോക്‌പോളിങ് ആരംഭിക്കുന്നതു മുതൽ പോളിങ് അവസാനിച്ച് വോട്ടിങ് യന്ത്രങ്ങൾ പെട്ടിയിലാക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കും. ജില്ലയിലെ വിവിധ ബൂത്തുകളിൽ പോളിങ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് 571 വാഹനങ്ങൾ സജ്ജമാണ്. 153 ജീപ്പുകൾ, 151 ടെംപോ ട്രാവലറുകൾ, 64 മിനി ബസുകൾ, 203 ബസുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. സെക്ടറൽ ഓഫീസർമാർക്കായി 160 വാഹനങ്ങളും സജ്ജമാക്കി. ജില്ലയിൽ 81 ബൂത്തുകൾ വനിതകൾ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളായിരിക്കും.