കോട്ടയത്തെ ഈ സ്ഥാനാർഥിയുടെ പേരു കേട്ടോ? 'ജോമോൻ ജോസഫ് സ്രാമ്പിക്കൽ ആലീസ് പള്ളിമുട്ടേൽ ജോസഫ് ജുമൻ വർക്കി', പേരിനു പിന്നിലെ ചരിത്രമിങ്ങനെ:


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ തീ പാറുന്ന പോരാട്ട കാഴ്ച വെയ്ക്കുന്ന കോട്ടയം മണ്ഡലത്തിൽ കേരളാ കോൺഗ്രസ്സുകാർ തമ്മിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയ്‌ക്കൊപ്പം മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പേരാണ് ആ പ്രത്യേകത. ഇത്രയും നീളം കൂടിയ പേര് എഴുതി ചേർക്കാനും പെടാപ്പാടുപെടും. 'ജോമോൻ ജോസഫ് സ്രാമ്പിക്കൽ ആലീസ് പള്ളിമുട്ടേൽ ജോസഫ് ജുമൻ വർക്കി' എന്നാണു കരിമ്പ് കർഷകൻ ചിഹ്നത്തിൽ മത്സരിക്കുന്ന കോട്ടയത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പേര്. ഈ വലിയ പേരിനു പിന്നിൽ ഒരു ചരിത്രവുമുണ്ട്. ജോമോൻ ജോസഫ് എന്ന പേരിനൊപ്പം കുടുംബപ്പേരിലെ സ്രാമ്പിക്കലും അമ്മയുടെ പേരായ ആലീസ് എന്നതും വീട്ടുപേരായ പള്ളിമുട്ടേലും ഒപ്പം പിതാവിന്റെ പേരായ ജോസഫ് എന്നതും ചേർത്തു. ആലീസ്,പള്ളിമുട്ടേൽ,ജോസഫ് എന്നത് എ പി ജെ എന്ന് ചുരുക്കി വായിക്കുമെങ്കിലും അതിനു പിന്നിൽ മുൻ രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്‌ദുൾ കലാമിനോടുള്ള ഇഷ്ട്ടവുമുണ്ട്. ജുമാണ് എന്നത് മുംബൈയിലും സൗദിയിലും ജോലി ചെയ്തിരുന്നപ്പോൾ സുഹൃത്തുക്കൾ വിളിച്ചിരുന്നതാണെന്നു ഇദ്ദേഹം പറയുന്നു. ഈ ഓർമ്മയ്ക്കായി ജുമാണ് എന്ന പേരും തന്റെ പേരിനൊപ്പം കൂട്ടി. വി.എസ് എന്നതിലെ ‘വി’ മാമ്മോദിസപ്പേരായ വർക്കി എന്നാണ്. എസ് കുടുംബപ്പേരിലെ സ്രാമ്പിക്കലും. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ് എന്ന പേരിലാണ് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത്. ഗസറ്റിൽ പരസ്യപ്പെടുത്തി രേഖകളിലെല്ലാം പേര് ഇങ്ങനെ തന്നെയാക്കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും 4 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഒരുവട്ടം മുനിസിപ്പൽ തെരഞ്ഞെടുപ്പിലും മത്സരിച്ചു. തൃക്കാക്കര,പാലാ, കോന്നി, ചങ്ങനാശേരി മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്.