സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.


കോട്ടയം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ നടക്കും. മൂന്നു ലോക്സഭാ മണ്ഡലങ്ങൾ പങ്കിടുന്ന ജില്ലയാണ് കോട്ടയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 20 സീറ്റുകളാണുള്ളത്. എൽ ഡി എഫ്, യുഡി എഫ്, ബി ജെ പി മുന്നണികൾക്കൊപ്പം സ്വതന്ത്ര സ്ഥാനാർത്ഥികളും രംഗത്തുണ്ട്. കോട്ടയം ലോക്സഭാ മണ്ഡലം, പത്തനംതിട്ട ലോക്സഭാ മണ്ഡലം, മാവേലിക്കര ലോക്സഭാ മണ്ഡലം എന്നിങ്ങനെയാണ് ജില്ല പങ്കിടുന്ന 3 ലോക്സഭാ മണ്ഡലങ്ങൾ. കോട്ടയം ജില്ലയിലെ 6 നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് വരുന്നത്. എറണാകുളം ജില്ലയിലെ പിറവം, കോട്ടയം ജില്ലയിലെ പാല‍‍‍, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ‍, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കോട്ടയം ലോകസഭാ നിയോജകമണ്ഡലം. കോട്ടയം ജില്ലയിലെ 2 നിയമസഭാ മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് വരുന്നത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ‍‍, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ‍ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പത്തനംതിട്ട ലോകസഭാ നിയോജകമണ്ഡലം. 2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. കോട്ടയം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും ആലപ്പുഴ ജില്ലയിലെ 3 നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ 3 നിയമസഭാ മണ്ഡലങ്ങളും മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് വരുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്‍‍‍, മാവേലിക്കര, ചെങ്ങന്നൂർ, കൊല്ലം ജില്ലയിലെ കുന്നത്തൂർ ,കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ മാവേലിക്കര ലോകസഭാ നിയോജകമണ്ഡലം.