ആശ്വാസ തീരമണഞ്ഞു ആൻ ടെസ ജോസഫ്! ഇറാൻ സേന പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരിയായ കോട്ടയം കൊടുങ്ങൂർ സ്വദേശിനി നാട്ടിലെത്തി.


കോട്ടയം: ഇറാൻ സേന പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരിയായ കോട്ടയം കൊടുങ്ങൂർ വാഴൂർ സ്വദേശിനി ആൻ ടെസ്സ ജോസഫ് മാതാപിതാക്കൾക്കരികെയെത്തി.  ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ എംഎസ്‌സി ഏരീസ് ചരക്ക് കപ്പലിലെ ജീവനക്കാരിയായിരുന്നു ആൻ ടെസ ജോസഫ്. ആൻ ടെസ്സ ജോസഫിന്റെ(21) കുടുംബം കഴിഞ്ഞ ദിവസമാണ് കോട്ടയം കൊടുങ്ങൂർക്ക് താമസം മാറി എത്തിയത്. പുതിയ വീട്ടിലേക്ക് വരാനിരിക്കുന്നതിനിടയാണ് ആൻ ജോലി ചെയ്യുന്ന കപ്പൽ ഇറാൻ സേന പിടിച്ചെടുത്തത്. വ്യാഴാഴ്ച വൈകിട്ട് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ആൻ ടെസാ ജോസഫിനെ എയർപോർട്ട് അധികൃതർ സ്വീകരിച്ചു. കപ്പലിൽ അവശേഷിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള പതിനാറുപേരെ ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരമൊരു ആക്രമണം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചതല്ലെന്നും ആദ്യം താനുൾപ്പടെയുള്ള ജീവനക്കാർ പേടിച്ചു പോയതായും ആൻ ടെസ ജോസഫ് പറഞ്ഞു. കപ്പലിന്റെ ഉടമയോട് മാത്രമാണ് ഇറാൻ സേനയ്ക്ക് വിരോധം ഉണ്ടായിരുന്നത്. ജീവനക്കാരോടെല്ലാം മാന്യമായ രീതിയിലാണ് ഇറാൻ കമാൻഡോകൾ പെരുമാറിയതെന്നും ആൻ പറഞ്ഞു. ആൻ ടെസ ജോസഫിനൊപ്പം 3 മലയാളികൾ കൂടി കപ്പലിൽ ജോലി ചെയ്യുന്നുണ്ട്. കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാം നാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണു കപ്പലിലുള്ള മറ്റ് മലയാളികൾ. കഴിഞ്ഞ ഒൻപത് മാസമായി പരിശീലനത്തിന്റെ ഭാഗമായി ഇസ്രായേൽ പൗരനായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ-സ്വിസ് കമ്പനി എം എസ് സി ക്ക് കീഴിൽ പ്രവർത്തിക്കുന്ന ചരക്ക് കപ്പലിലാണ് ജോലി ചെയ്തിരുന്നത്. ഒമാൻ ഉൾക്കടലിനു സമീപമാണ് ഹെലികോപ്റ്ററിൽ എത്തിയ ഇറാൻ സേന എം എസ് സി ഏരീസ് ചരക്കു കപ്പൽ പിടിച്ചെടുത്തത്. മൂത്ത മകളുടെ ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് തൃശൂരിൽ നിന്നും പിതാവ് ബിജു ഏബ്രഹാമും കുടുംബവും കോട്ടയം കൊടുങ്ങൂരിലേക്ക് താമസം മാറിയത്. പിതാവ് ബിജുവും കപ്പൽ ജീവനക്കാരനാണ്. അവധിക്കായി നാട്ടിൽ എത്തിയതാണ് ബിജു. മറ്റുള്ളവരുടെ മോചനവും വേഗത്തിൽ സാധ്യമാകുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് ആൻ. ആൻ ടെസ ജോസഫിനെ തിരികെ എത്തിച്ച നടപടിയിൽ ഇറാനിലെ ഇന്ത്യൻ എംബസിയെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അഭിനന്ദനമറിയിച്ചു.