''ഞാൻ ഹാപ്പിയായിരുന്നു, പെൺകുട്ടിയായി ഞാൻ മാത്രമാണ് കപ്പലിൽ ഉണ്ടായിരുന്നത്, ഒരുപാട് ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത ജോലിയാണ്, തിരിച്ചു പോകും, ഇറാൻ സേനയുടേത്


കൊടുങ്ങൂർ: ഇറാൻ സേന പിടിച്ചെടുത്ത കപ്പലിൽ നിന്നും മോചിതയായി കോട്ടയം കൊടുങ്ങൂരിൽ നാട്ടിലെത്തിയ ആൻ ടെസ ജോസഫിന് ഇന്ന് ആശ്വാസദിനമാണ്. ദിവസങ്ങൾക്ക് മുൻപാണ് തൃശൂരിൽ നിന്നും ആൻ ടെസ ജോസഫിന്റെ കുടുംബം കൊടുങ്ങൂർ വാഴൂരിലേക്ക് താമസം മാറി എത്തിയത്. പുതിയ വീട്ടിലേക്ക് മകൾ എത്തുന്നതും കാത്തിരുന്ന മാതാപിതാക്കളും ഒപ്പം സഹോദരങ്ങളും അറിഞ്ഞത് ആൻ ജോലി ചെയ്തിരുന്ന കപ്പൽ ഇറാൻ സേന പിടിച്ചെടുത്തു എന്ന വാർത്തയായിരുന്നു. എന്നാൽ ദിവസങ്ങൾക്കിപ്പുറം ഇന്ന് വീട് ആനന്ദത്തിലാണ്. വ്യാഴാഴ്ച വൈകിട്ട് നെടുമ്പാശ്ശേരിയിൽ എത്തിയ ആൻ കോട്ടയം കൊടുങ്ങൂർ വാഴൂരിലെ വീട്ടിൽ എത്തി. ഓടിയെത്തി കെട്ടിപ്പിടിച്ചു സ്നേഹ ചുംബനം നൽകിയാണ് മാതാവ് ബീന മകളെ സ്വീകരിച്ചത്. പിതാവ് ബിജു ഏബ്രഹാം, സഹോദരി ആൻ മരിയ ജോസഫ്, സഹോദരൻ അലക്‌സ്.ബി. പുതുമനയും പിതാവിന്റെ മാതാവ് കുഞ്ഞന്നാമ്മ എന്നിവരും കാത്തിരിപ്പിലായിരുന്നു. ''ഞാൻ ഹാപ്പിയായിരുന്നു, ഒരുപാട് ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത ജോലിയാണ്, തിരിച്ചു പോകും'' എന്ന് ആൻ ടെസ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാൻ സേനയുടേത് മികച്ച പെരുമാറ്റമായിരുന്നു. വീട്ടിലേക്ക് വിളിക്കുന്നതിന്‌ സമയം നൽകി, ജീവനക്കാർ ജോലി തുടരുന്നതിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും സംസാരിക്കുന്നതും അവർ വിലക്കിയില്ല എന്ന് ആൻ ടെസ ജോസഫ് പറഞ്ഞു. വേഗത്തിൽ മോചനം സാധ്യമാക്കിയ എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും ആൻ പറഞ്ഞു. കപ്പലിൽ ജീവനക്കാരിൽ പെൺകുട്ടിയായി ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്, അതിനാലാകാം ആദ്യം എന്നെ മോചിപ്പിക്കാൻ അവർ തയ്യാറായത്, 3 മലയാളികൾ ഉൾപ്പടെ 16 ഇന്ത്യക്കാർ ഇപ്പോഴും കപ്പലിലുണ്ട്. അവരുടെ മോചനം വേഗത്തിൽ സാധ്യമാകുമെന്ന് കരുതുന്നതായും ആൻ പറഞ്ഞു. കഴിഞ്ഞ ഒൻപത് മാസമായി പരിശീലനത്തിന്റെ ഭാഗമായി ഇസ്രായേൽ പൗരനായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ-സ്വിസ് കമ്പനി എം എസ് സി ക്ക് കീഴിൽ പ്രവർത്തിക്കുന്ന ചരക്ക് കപ്പലിലാണ് ജോലി ചെയ്തിരുന്നത്. ഒമാൻ ഉൾക്കടലിനു സമീപമാണ് ഹെലികോപ്റ്ററിൽ എത്തിയ ഇറാൻ സേന എം എസ് സി ഏരീസ് ചരക്കു കപ്പൽ പിടിച്ചെടുത്തത്. മൂത്ത മകളുടെ ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് തൃശൂരിൽ നിന്നും പിതാവ് ബിജു ഏബ്രഹാമും കുടുംബവും കോട്ടയം കൊടുങ്ങൂരിലേക്ക് താമസം മാറിയത്. പിതാവ് ബിജുവും കപ്പൽ ജീവനക്കാരനാണ്. അവധിക്കായി നാട്ടിൽ എത്തിയതാണ് ബിജു.