അഞ്ചരപതിറ്റാണ്ടുകാലം കേരളരാഷ്ട്രീയത്തിലെ അതികായനായിരുന്ന പാലായുടെ മാണിക്യം, കെ എം മാണിയുടെ ഓർമ്മകൾക്ക് അഞ്ച് വയസ്സ്.


പാലാ: കേരള രാഷ്ട്രീയത്തിലെ അതികായനായ നേതാവ് പാലായുടെ മാണിക്യം, കെ എം മാണിയുടെ ഓർമ്മകൾക്ക് ഇന്ന് അഞ്ച് വയസ്സ്. തങ്ങളുടെ നേതാവിന്റെ ഓർമ്മകൾക്ക് 5 വയസ്സായെങ്കിലും ഇന്നും പ്രവർത്തകരുടെ മനസ്സിൽ കെ എം മാണി ജ്വലിക്കുന്ന ഓർമ്മകൾ തന്നെയാണ്. അഞ്ചരപതിറ്റാണ്ടുകാലം കേരളരാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ എം മാണി 1967 മുതൽ തുടർച്ചയായി 12 തവണ പാലായിൽ നിന്നും എം എൽ എ ആയി. പി ടി ചാക്കോയുടെ മരണത്തിന് പിന്നാലെയാണ് തിരുനക്കരമൈതാനിയില്‍ ഒരു യോഗം ചേരുന്നതും പിന്നീട് കേരളാ കോൺഗ്രസ്സ് പിറവി കൊള്ളുന്നതും. കോട്ടയം മീനച്ചിൽ താലൂക്കിൽ കർഷകദമ്പതികളായ മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്‌ക്കൽ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30ന് ആണ് കെ എം മാണിയുടെ ജനനം. ഒരു പക്ഷേ കേരള രാഷ്ട്രീയത്തില്‍ ഇനിയാര്‍ക്കും സാധ്യമാവാത്ത റെക്കോര്‍ഡുകളുടെ കൂടി ചരിത്രമായിരുന്നു കെ എം മാണി. ഒരേ മണ്ഡലത്തിൽനിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച എംഎൽഎ, ഏറ്റവും കൂടുതൽ കാലം മന്ത്രിസ്‌ഥാനം വഹിച്ച എംഎൽഎ, ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗം, കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതൽ കാലം ധനവകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്ത മന്ത്രി, തുടങ്ങിയവ കെ എം മാണിയുടെ മാത്രം റെക്കോർഡുകളാണ്. ഇന്ന് രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ കുർബാനയ്ക്കുശേഷം കല്ലറയിൽ പ്രാർത്ഥന നടന്നു.