കനത്ത മഴയിലും കാറ്റിലും ജില്ലയുടെ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം, മുണ്ടക്കയത്ത് 4 വീടുകളുടെ മേൽക്കൂരകൾ തകർന്നു, കൃഷിയിടങ്ങളിലും കാറ്റ് നാശം വിതച്ചു.


മുണ്ടക്കയം: വെള്ളിയാഴ്ച വൈകുന്നേരത്തോടെ എത്തിയ ശക്തമായ വേനൽ മഴയിലും കാറ്റിലും കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ മുണ്ടക്കയത്ത് 4 വീടുകളുടെ മേൽക്കൂരകൾ തകർന്നു. മുണ്ടക്കയം വണ്ടൻപതാൽ മേഖലയിലാണ് വീടുകൾക്ക് നാശനഷ്ടം ഉണ്ടായത്. വണ്ടൻപതാൽ പത്ത് സെന്റ് സ്ഥലത്താണ് ശക്തമായ കാറ്റ് വീശിയത്. രാജു,തങ്കമ്മ,സിനോജ്,ഷാമോൻ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്നു പോകുകയായിരുന്നു. 4 കുടുംബങ്ങളെയും സമീപത്തെ വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.  എരുമേലി, മുണ്ടക്കയം,മണിമല മേഖലകളിൽ വിവിധ സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണു. മലയോര മേഖലകളിൽ ഉൾപ്പടെ കൃഷിയിടങ്ങളിലും കാറ്റ് നാശം വിതച്ചു. കഴിഞ്ഞ രണ്ടു ദിവസമായി മഴയും ശക്തമായ കാറ്റും മേഖലകളിൽ തുടരുകയാണ്.