പാമ്പാടി ബ്ലോക്കിൽ വികസന സെമിനാർ സംഘടിപ്പിച്ചു.

കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രേമ ബിജു ചടങ്ങിൽ അധ്യക്ഷയായിരുന്നു. 4.57 കോടി രൂപയുടെ കരട് പദ്ധതി രേഖ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയി അവതരിപ്പിച്ചു. ആരോഗ്യ, ക്ഷീരവികസന, കാർഷിക, ശുചിത്വ ,കുടിവെള്ള മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള കരട് പദ്ധതി രേഖ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് മാളിയേക്കൽ, കെ.സി.ബിജു, സിന്ധു അനിൽകുമാർ, ഡാലി റോയി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ  ബിജു തോമസ്, ടി.എം. ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി. രമേഷ് എന്നിവർ സംസാരിച്ചു. കില ഫാക്കൽറ്റികളായ സുനു പി. മാത്യു ''പദ്ധതി സമീപനം'എന്ന വിഷയത്തിലും വി.ടി കുര്യൻ 'മാലിന്യമുക്തം നവകേരളം' എന്ന വിഷയത്തിലും ക്ലാസുകൾ അവതരിപ്പിച്ചു.