ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് സംഘപരിവാർ നടത്തുന്ന നീക്കങ്ങള്‍ മതനിരപക്ഷതയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ്: വി എൻ വാസവൻ.


കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് സംഘപരിവാർ നടത്തുന്ന നീക്കങ്ങള്‍ മതനിരപക്ഷതയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് എന്ന് മന്ത്രി വി എൻ വാസവൻ. രാഷ്ട്രവ്യവഹാരത്തില്‍ നിന്ന് മതത്തെ മാറ്റിനിര്‍ത്തുകയെന്ന മതനിരപേക്ഷതയുടെ അടിസ്ഥാനപ്രമാണമാണ് അയോധ്യയില്‍ തകര്‍ന്നത്. അത് രാജ്യത്തുണ്ടാക്കുന്ന വിഭജനം രാഷ്ട്രീയ ലാഭമാക്കുകയെന്നതാണ് കേന്ദ്രം ഭരിക്കുന്നവരുടെ തന്ത്രം എന്നും അദ്ദേഹം പറഞ്ഞു. വിശ്വാസങ്ങള്‍ക്ക് ആരും എതിരല്ല, പള്ളിപൊളിച്ച ഇടത്തില്‍ ക്ഷേത്രം പണിയിച്ചതിനോടാണ് എതിര്‍പ്പ് ഉയര്‍ന്നിരിക്കുന്നത്. തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം വലയുന്ന  പാവപ്പെട്ടവരുടെ രോഷം അപരമതവിദ്വേഷത്തിലേക്ക് വഴിതിരിച്ചു വിടുകയെന്ന തന്ത്രത്തിന്റെ ആഡംബരപൂര്‍ണമായ കെട്ടുകാഴ്ചയായിരുന്നു നമ്മള്‍ക്ക് മുന്നില്‍ അരങ്ങേറിയത് എന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ ജാംബുവായിലെ 4 ക്രിസ്ത്യന്‍ പള്ളികളില്‍ അതിക്രമിച്ച് കയറിയ തീവ്ര ഹിന്ദുത്വ വാദികള്‍ കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടിയ സംഭവം ഇതിനൊപ്പം ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്. ‘രാഷ്ട്രീയത്തെ മതവുമായി കൂട്ടി കലര്‍ത്തരുത്' എന്ന്  മഹാത്മാഗാന്ധിയാണ് പറഞ്ഞത്. അത് നമ്മുടെ രാജ്യത്തിന്റെ മത നിരപേക്ഷത നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷത.  ഭരണഘടനാപരമായ തത്വങ്ങളില്‍ ഊന്നി മാത്രമേ നമ്മുടെ  രാജ്യത്തിനു മുന്നോട്ടുപോകാനാകൂ. ഈ തിരിച്ചറിവ് ഉണ്ടാകണം. ചിലര്‍ ഇടുങ്ങിയ ചിന്താഗതികളുടെ ഇരകളായി മാറുന്നുണ്ട്. ഈ പ്രവണത ഭാവിയില്‍ വലിയ അപകടത്തിലേക്കാണ് നയിക്കുക എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണഘടനയ്ക്ക് ഏറെ  പ്രാധാന്യമുണ്ട്. ഭരണഘടനയെ നാം കൂടുതല്‍ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനായി ജനങ്ങളുടെ മനസ്സില്‍ ഭരണഘടനാ മൂല്യങ്ങളുടെ സത്ത വേരൂന്നിയേ പറ്റൂ. അതിനായി നാം ഓരോരുത്തരും നിലകൊള്ളണം എന്നും അദ്ദേഹം പറഞ്ഞു.