വീണ്ടും അങ്കത്തിനൊരുങ്ങി റോബിൻ! കോയമ്പത്തൂരിലേക്ക് കെ.എസ്.ആർ.ടി.സി ക്കു മുൻപിലോടാൻ റോബിൻ, പുതിയ സമയക്രമം, സർവ്വീസ് ആരംഭിക്കുന്നത് അടൂരിൽ നിന്നും, മത്സ


കോട്ടയം: മോട്ടോർ വാഹന വകുപ്പുമായി നിരന്തരം നിരത്തിൽ അങ്കം നടത്തിയ പത്തനംതിട്ട-കോയമ്പത്തൂർ സർവ്വീസ് നടത്തുന്ന റോബിൻ മോട്ടോഴ്സിന്റെ ബസ്സ് റൂട്ടും സമയക്രമവും പുതുക്കി വീണ്ടും മറ്റൊരു അങ്കത്തിനൊരുങ്ങുന്നു. അടുത്ത മാസം ഒന്നാം തീയതി മുതലാണ് റൂട്ടിലെ മാറ്റവും സമയക്രമത്തിൽ മാറ്റവും നിലവിൽ വരുന്നത്. ഇപ്പോൾ സർവ്വീസ് ആരംഭിക്കുന്നത് പത്തനംതിട്ടയിൽ നിന്നുമാണ്. എന്നാൽ ഒന്നാം തീയതി മുതൽ കോയമ്പത്തൂരിലേക്കുള്ള സർവ്വീസ് ആരംഭിക്കുന്നത് അടൂരിൽ നിന്നുമാണ്. അടൂരിൽ നിന്നും പുലർച്ചെ 3:40 ണ് സർവ്വീസ് ആരംഭിക്കും. പത്തനംതിട്ടയിൽ 4 മണിക്ക് ബസ്സ് എത്തും. റോബിൻ ബസുമായി അങ്കത്തിനു കെ എസ് ആർ ടി സി നടത്തുന്ന കോയമ്പത്തൂർ സർവ്വീസ് പത്തനംതിട്ടയിൽ നിന്നും സർവ്വീസ് ആരംഭിക്കുന്നത് 4:30 നാണു. പുതിയ സമയക്രമം പ്രകാരം ബസ്സ് രാവിലെ 11 മണിയോടെ കോയമ്പത്തൂരിൽ എത്തും. പുതിയ സമയക്രമവും സർവ്വീസ് നീട്ടിയതും യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണെന്ന് റോബിൻ ബസ് ഉടമ ഈരാറ്റുപേട്ട ഇടമറുക് പാറയിൽ ബേബി ഗിരീഷ് പറഞ്ഞു. കെ എസ് ആർ ടി സിയുടെ മുന്നിലോടാനോ മത്സരിക്കാനോ അല്ല മറിച്ച് പല ആവശ്യങ്ങൾക്കായി കോയമ്പത്തൂരിൽ എത്തുന്നവർക്ക് കൂടുതൽ സമയം കോയമ്പത്തൂരിൽ ചിലവഴിക്കാനും ആവശ്യങ്ങൾ നിറവേറ്റാൻ അധികമായി സമയം ലഭിക്കുകയും തിരികെ റോബിന് തന്നെ വരാൻ സാധിക്കുന്നതിനും കൂടിയാണ് ഈ മാറ്റങ്ങൾ എന്ന് ഗിരീഷ് പറഞ്ഞു. ഇപ്പോൾ ഒരു മണിയോടെയാണ് സർവ്വീസ് കോയമ്പത്തൂരിൽ എത്തുന്നത്. പുതിയ സമയക്രമം പ്രകാരം രാവിലെ 11 മണിയോടെ കോയമ്പത്തൂരിൽ എത്തിച്ചേരും. തിരികെ 6 മണിക്കാണ് അടൂരിലേക്ക് തിരിക്കുന്നത്. ഒരു മണിയോടെ അടൂരിൽ എത്തിച്ചേരും. ഇപ്പോഴും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ്സ് രാവിലെയും വൈകിട്ടും പരിശോധന നടത്തുന്നുണ്ടെന്നും കഴിഞ്ഞ മാസം 26 മുതൽ തൻ്റെ ബസ് ഭംഗിയായി സർവീസ് നടത്തുന്നുണ്ടെന്നും ബേബി ഗിരീഷ് പറഞ്ഞു. അതേസമയം പത്തനംതിട്ട-കോയമ്പത്തൂർ സർവ്വീസ് നടത്തുന്ന കെ എസ് ആർ ടി സി ബസ്സ് പലപ്പോഴും വഴിയിൽ കേടാകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്.