കമലയ്ക്കിനി വീട് വയ്ക്കാൻ തടസങ്ങളില്ല; ഭൂമി തരംമാറ്റി കിട്ടി.


കോട്ടയം: 35 വർഷമായി നിലമായി കിടന്ന ഭൂമി പുരയിടമാക്കി കിട്ടിയതിലൂടെ വീടെന്ന ലക്ഷ്യം സാക്ഷാത്കരിക്കാമെന്ന സന്തോഷത്തിലാണ് വൈക്കം പുളിഞ്ചുവട് സ്വദേശിനി പി.ടി. കമല. വീട് വയ്ക്കുന്നതിനായി വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് വസ്തു നിലമായി കിടക്കുന്നതിന്റെ പ്രശ്നങ്ങൾ അലട്ടിയത്. പിന്നീട് ഇതു മാറ്റി കിട്ടാൻ വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു. തുടർന്ന് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവവ്യതിയാനത്തിനായി ഓൺലൈനിൽ അപേക്ഷ നൽകി. ഈ അപേക്ഷയ്ക്കുള്ള പരിഹാരമാണ് കടുത്തുരുത്തിയിൽ നടന്ന ഭൂമി തരംമാറ്റൽ അദാലത്തിൽ യാഥാർഥ്യമായത്. കൂലിപ്പണിക്കാരനായ ഭർത്താവും സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മകനും മകന്റെ ഭാര്യയുമാണ് വീട്ടിലുള്ളത്. കമല തൊഴിലുറപ്പ് ജോലിയ്ക്കും പോകുന്നുണ്ട്. സർക്കാരിന്റെ ഇടപെടലിലൂടെ ഭൂമി പുരയിടമായി കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം. സൗജന്യമായാണ് ഭൂമി തരംമാറ്റി ലഭിച്ചത്.