പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ കോട്ടയം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.


കോട്ടയം: പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ കോട്ടയം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.  മറവന്തുരുത്ത് സന്തോഷ് വിഹാറിൽ സഞ്ജയ് സന്തോഷ്(19)ന്റെ മൃതദേഹമാണ് ഗോവയിലെ കടൽത്തീരത്തുനിന്ന് കണ്ടെത്തിയത്. അഞ്ജുന ബീച്ച് പരിസരത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പിതാവും ബന്ധുക്കളും ഗോവയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിൽ എത്തി തിരിച്ചറിഞ്ഞതായാണ് വിവരം. ഡിസംബർ 29നാണ് കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശികളും സുഹൃത്തുക്കളുമായ കൃഷ്‌ണദേവ്, ജയകൃഷ്‌ണൻ എന്നിവർക്കൊപ്പം സഞ്ജയ് സന്തോഷും പുതുവത്സരം ആഘോഷിക്കാൻ ഗോവയിലേക്ക് പോയത്. 30 നു പുലർച്ചെ ഇവർ ഗോവയിൽ എത്തിയിരുന്നു. 31 നു പുതുവത്സര ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് യുവാവിനെ കാണാതായത്. സുഹൃത്തുക്കൾ തിരഞ്ഞെങ്കിലും ഫലമുണ്ടാകാഞ്ഞതിനെ തുടർന്ന് നാട്ടിൽ ബന്ധുക്കളെയും ഗോവ പോലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് ഗോവ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കടൽ തീരത്ത് നിന്നും കണ്ടെത്തിയത്.