കോട്ടയം: മറന്നു വെച്ച കണ്ണടയെടുത്തു തിരികെ ഇറങ്ങുന്നതിനിടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിനും ട്രയിനിനും ഇടയിൽ വീണു കോട്ടയം സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോട്ടയം പുതുപ്പള്ളി സ്വദേശിയും വിദ്യാർത്ഥിയുമായ ദീപക് പുന്നൂസ് ജോര്‍ജ് (26) ആണ് മരിച്ചത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. പൂനെയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്ന ദീപക്ക് പൂനെ - കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ ആണ് വെള്ളിയാഴ്ച രാവിലെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രെയിനില്‍ നിന്നിറങ്ങിയ യുവാവ് കണ്ണട മറന്നു വെച്ചതിനാൽ കണ്ണട തിരികെ എടുക്കുന്നതിനായി ട്രെയിനിൽ കയറുകയായിരുന്നു. ഇതിനിടെ ട്രെയിൻ മുന്നോട്ട് നീങ്ങിയതിനെ തുടർന്ന് പുറത്തേക്കിറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രെയിനിൽ നിന്നും ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രയിനിനും ഇടയിൽ വീഴുകയായിരുന്നു. പൂനെയിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.