കോട്ടയം: ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ അഞ്ചാമത്തെ വിമാനത്താവളം നിലവില്‍ വരുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് ഗ്രൗണ്ടില്‍ നടന്ന പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല വിമാനത്താവളത്തിന് ഏറെക്കുറെ അനുമതികള്‍ ലഭിച്ചു കഴിഞ്ഞു. ഇനി ലഭിക്കാനുള്ള അനുമതികള്‍ക്ക് മറ്റു തടസങ്ങള്‍ ഉണ്ടാകില്ല എന്നാണ് കരുതുന്നത്. കണ്ണൂര്‍ വിമാനത്താവളം നേരിട്ടുകൊണ്ടിരിക്കുന്നത് പ്രത്യേക തരത്തിലുള്ള പ്രശ്‌നങ്ങളാണ്. സ്വാഭാവികമായും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട പിന്തുണ കണ്ണൂര്‍ വിമാനത്താവളത്തിന് ലഭിക്കുന്നില്ല. വിദേശ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ആവാത്തത് ധാരാളം പ്രവാസികള്‍ക്ക് തിരിച്ചടിയാണ്. ഇത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട് കേന്ദ്രസര്‍ക്കാരുമായി ഇടപെട്ട് ഇത് തിരുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കിഫ്ബി വഴി 50000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ 2021 ആയപ്പോള്‍ അത് 63000 കോടി രൂപയിലും ഇപ്പോള്‍ അത് 83000 കോടി രൂപയിലും എത്തി. ഇനിയും ഇനിയും നമ്മുടെ നാട്ടില്‍ ഏറെ കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. അതിന് സഹായം വേണം. ഏതെങ്കിലും തരത്തിലുള്ള ദയ അല്ല അര്‍ഹതപ്പെട്ട സഹായമാണ് നല്‍കേണ്ടത്. എന്നാല്‍ അര്‍ഹതപ്പെട്ടത് നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചെലവിന് വേണ്ട പണം നമ്മുടെ കയ്യില്‍ ഇല്ലാത്തത് നമ്മുടെ എന്തെങ്കിലും തകരാറു കൊണ്ടല്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ട് സംസ്ഥാനത്തിന്റെ പൊതു ധനസ്ഥിതി മെച്ചപ്പെടുത്താനായി. തനത് വരുമാനം നല്ല നിലയില്‍ മെച്ചപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വരുമാനവും മെച്ചപ്പെട്ടു. പ്രതിശീര്‍ഷ വരുമാനം മെച്ചപ്പെടുത്തിയ രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. എന്നാല്‍ ഒരു ന്യായീകരണവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം കുറച്ചിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കുന്നതിന് പരിധിയും നിയന്ത്രണങ്ങളുമുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് നിയന്ത്രണമോ പരിധിയോ ഇല്ല. ദേശീയപാത അതോറിറ്റി കടമെടുത്ത് ചെലവഴിക്കുകയാണ്. അവര്‍ തന്നെയാണ് അത് വീട്ടുന്നത്. അത് കേന്ദ്ര സര്‍ക്കാരിന്റെ കടമല്ല. കിഫ്ബി അതേ മാതൃകയിലാണ്. എന്നാല്‍ അത് സംസ്ഥാനത്തിന്റെ കടമായാണ് കേന്ദ്രം കണക്കാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അധ്യക്ഷനായി. മന്ത്രിമാരായ ജി. ആര്‍. അനില്‍, അഹമ്മദ് ദേവര്‍ കോവില്‍ , പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ പ്രസംഗിച്ചു. ജോസ് കെ. മാണി എം.പി, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ ജി. മുരളീധരന്‍ , ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി എന്നിവര്‍ സന്നിഹിതരായിരുന്നു. പൂഞ്ഞാര്‍ മണ്ഡലം നവകേരള സദസ് കണ്‍വീനര്‍ എം. അമല്‍ മഹേശ്വര്‍ സ്വാഗതവും കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ (എല്‍. ആര്‍.) പി.എസ്. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. സദസിന്റെ ഭാഗമായി ഒരുക്കിയ 25 കൗണ്ടറുകളില്‍ നിന്ന് പൊതുജനങ്ങളില്‍ നിന്ന് നിവേദനങ്ങള്‍ സ്വീകരിച്ചു. സദസിനു മുന്നോടിയായി തുടി നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടര്‍ രാഹുല്‍ കൊച്ചാപ്പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാടന്‍പാട്ട്, കുമ്മട്ടിക്കളി, തെയ്യം തിറ, ഇടുക്കി കോവില്‍ മല വനജ്യോതിസ് അവതരിപ്പിച്ച കൂത്തുപാട്ട് എന്നിവ അരങ്ങേറി.