നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സർക്കാ


കോട്ടയം: നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിന് കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലായി നടത്തുന്ന യാത്ര ചൊവ്വാഴ്ച ജില്ലയിൽ എത്തും. ചൊവ്വ,ബുധൻ,വ്യാഴം ദിവസങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും. പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് ഡിസംബർ 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിൽ വെച്ച് നടക്കും. കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് ഡിസംബർ 12ന് വൈകിട്ട് നാലിന് പൊൻകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. പാലാ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് ഡിസംബർ 12ന് വൈകിട്ട് അഞ്ചിന് പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടക്കും. ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് ഡിസംബർ 13ന് രാവിലെ പത്ത് മണിക്ക് ഏറ്റുമാനൂർ ഗവ.ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് ഡിസംബർ 13ന് ഉച്ചകഴിഞ്ഞ് 3 ന് പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ടിൽ നടക്കും. ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് ഡിസംബർ 13ന് വൈകിട്ട് നാലിന് ചങ്ങനാശേരി എസ്.ബി. കോളജ് മൈതാനത്ത് നടക്കും. കോട്ടയം നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് ഡിസംബർ 13 നു വൈകിട്ട് ആറ് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് നടക്കും. കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് ഡിസംബർ 14 നു രാവിലെ 11 മണിക്ക് കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ നടക്കും. വൈക്കം നിയമസഭ മണ്ഡലത്തിലെ നവകേരള സദസ് ഡിസംബർ 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കം ബീച്ച് മൈതാനത്ത് നടക്കും. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും പരിപാടികളുടെ ഒരുക്കങ്ങൾ ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി വിലയിരുത്തി. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സംവിധാനമുണ്ടാവും. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നതു വരെ കൗണ്ടറുകൾ പ്രവർത്തിക്കും. പരാതികൾ സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കൗണ്ടറുകളിൽ പ്രദർശിപ്പിക്കും. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കും. ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമാണ് നിശ്ചയിച്ചിട്ടുള്ളത്. എല്ലാ പരാതികൾക്കും കൈപ്പറ്റ് രസീത് നൽകും. പരാതി തീർപ്പാകുന്ന മുറയ്ക്ക് തപാലിൽ അറിയിക്കുകയും ചെയ്യും. പരാതികളുടെ സ്ഥിതി www.navakeralasadas.kerala.gov.inൽ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ മതി. പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫീസർമാർ വകുപ്പുതല മേധാവി മുഖേന റിപ്പോർട്ട് സമർപ്പിക്കും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നൽകും. ഓരോ നിയമസഭാ മണ്ഡലത്തിലും എം.എൽ.എമാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘാടക സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പം തദ്ദേശസ്ഥാപന പ്രതിനിധികൾക്കും ചുമതല നൽകിയിട്ടുണ്ട്.