നവകേരള സദസ്സ്: ഏറ്റുമാനൂരിൽ നാളെ കടകൾ അടച്ചിടണമെന്നു നോട്ടീസ് നൽകി പോലീസ്, സംഭവം വാർത്തയായതോടെ പോലീസ് നോട്ടീസ് പിൻവലിച്ചു.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ നാളെ നടക്കുന്ന നവകേരള സദസ്സിനു സമീപമുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചിടണമെന്നു വ്യാപാരികൾക്ക് പോലീസ് നോട്ടീസ് നൽകി. സംഭവം വാർത്തയതോടെ നോട്ടീസ് പോലീസ് പിൻവലിച്ചു. ബുധനാഴ്ച രാവിലെ 6 മുതൽ പരിപാടി തീരുംവരെ അടച്ചിടാൻ ആണ് പോലീസ് നിർദ്ദേശം നൽകിയത്. കടകൾ അടച്ചില്ലെങ്കിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് കടയുടമകൾ ഉത്തരവാദികളായിരിക്കുമെന്ന് നോട്ടിസിൽ പറഞ്ഞിരുന്നു. കോവിൽപാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കാണ് പൊലീസ് നോട്ടിസ് നൽകിയത്. എന്നാൽ സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ നോട്ടീസ് പോലീസ് പിൻവലിക്കുകയായിരുന്നു. കടകൾ തുറന്ന് പ്രവര്‍ത്തിക്കുന്നതിൽ പ്രശ്നമില്ലെന്നാണ് പുതിയ അറിയിപ്പ്. നവകേരള സദസ്സ് നടക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായാണ് വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതെന്നാണ് പോലീസ് വിശദീകരണം.