കോട്ടയം: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖമായ മുഖമായിരുന്നു അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലപാടുകളിലെ കരുത്തും സൗഹ്യദങ്ങളിലെ സൗമ്യതയും കൊണ്ട് വേറിട്ട വ്യക്തിത്വം നിലനിർത്തി. കാനം രാജേന്ദ്രന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മാത്രമല്ല, കേരള രാഷ്ട്രീയത്തിന് തന്നെ തീരാ നഷ്ടമാണ്. പ്രമേഹ രോഗത്തിന് ചികിത്സയിൽ കഴിയവെ ഹ‍ൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ വി.കെ.പരമേശ്വരൻ നായരുടേയും ടി.കെ. ചെല്ലമ്മയുടേയും മകനായാണ് ജനനം. കിടങ്ങൂർ സ്വദേശിയായ പി.കെ.വാസുദേവൻ നായർക്കു ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരൻ കൂടിയാണു കാനം. എഐവൈഎഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. നിലവിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ദേശീയ ഉപാധ്യക്ഷനുമാണ്. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. തൻ്റെ പ്രസ്ഥാനത്തിൻ്റെ നെടുതൂണായിരുന്നു കാനം. തൻ്റെ ജീവിതത്തെ സാധാരണക്കാരോട് ചേർത്തു വെച്ചു. വാക്കുകളിൽ കൃത്യതയും പ്രവർത്തനത്തിൽ കണിശതയുമായിരുന്നു കാനത്തിൻ്റെ പ്രത്യേകത. മരണ വാർത്തയറിഞ്ഞയുടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി അന്ത്യാഭിവാദ്യം അർപ്പിച്ചു. കാനം രാജേന്ദ്രന്‍റെ സംസ്കാരം ഞായറാഴ്ച നടക്കും. മൃതദേഹം ശനിയാഴ്ച രാവിലെ വ്യോമമാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കും. പാർട്ടി ആസ്ഥാനത്തും ജഗതിയിലെ വസതിയിലും പൊതുദർശനത്തിനു ശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞു ജന്മനാടായ കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ട് പോകും. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫിസിലെ പൊതുദര്‍ശനത്തിന് ശേഷം കോട്ടയം വാഴൂരിലെ വീട്ടിലെത്തിക്കും. ട്രേഡ് യൂണിയൻ രംഗത്തെ അതികായനായ നേതാവായിരുന്നു കാനം. രാഷ്ട്രീയ, സാമൂഹ്യരംഗത്തെ നിറസാന്നിധ്യമായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗം കേരളത്തിന്റെ നഷ്ടമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐക്യത്തിനും സാഹോദര്യത്തിനും വലിയ സംഭാവനയാണ് സഖാവ് കാനം രാജേന്ദ്രൻ നല്‍കിയത്. രണ്ടു തവണ വാഴൂരിനെ പ്രതിനിധീകരിച്ച് നിയമസഭാംഗം ആയിട്ടുണ്ട്. വിശകലന പാഠവംകൊണ്ടും സജീവപ്രവര്‍ത്തനം കൊണ്ടും ശ്രദ്ധിക്കപ്പെട്ട നേതാവായിരുന്നു കാനം. വാഴൂർ എസ്‌വിആർ എൻഎസ്എസ് സ്കൂൾ, കോട്ടയം ബസേലിയോസ് കോളജ്, മോസ്കോ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായാണ് പഠനം പൂർത്തിയാക്കിയത്. പത്തൊന്പതാം വയസ്സിൽ എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റാണു കാനം സിപിഐ രാഷ്ട്രീയത്തിൽ എത്തിയത്. 1982 ലും 1987 ലും വാഴൂരിൽ നിന്ന് മത്സരിച്ചു നിയമസഭാംഗം ആയി. ഞായറാഴ്ച രാവിലെ 11ന് കോട്ടയം വാഴൂരിൽ നടക്കുന്ന സംസ്കാര ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും.