തലസ്ഥാനത്തോട് അന്ത്യ യാത്ര പറഞ്ഞു കാനം, വിലാപയാത്ര കോട്ടയത്തേക്ക്, യാത്രാമൊഴിയേകി ജനാവലി.


കോട്ടയം: അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറിയും മുൻ എം എൽ എ യുമായ കാനം രാജേന്ദ്രന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അൽപസമയത്തിനകം ജന്മനാടായ കോട്ടയത്തെത്തും. വൻ ജനാവലിയാണ് വഴിനീളെ കാത്തു നിന്ന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കുന്നത്. വലിയ ജനാവലിയാണ് ഭൗതികദേഹത്തെ അനുഗമിക്കുന്നത്. കോട്ടയം ജില്ലയുടെ അതിർത്തിയായ ചങ്ങനാശ്ശേരിയിൽ ഭൗതികദേഹം സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു ഏറ്റുവാങ്ങും. ചിങ്ങവനത്തും കുറിച്ചിയിലും നാട്ടകത്തും തിരുനക്കരയിലും പ്രവർത്തകർക്കും ജനങ്ങൾക്കും അന്ത്യാഞ്ജലി അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സിപിഐയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനുശേഷം ഭൗതികദേഹം കോട്ടയത്തെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ രാവിലെ 11ന് കോട്ടയം വാഴൂരിൽ നടക്കും. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസ്സിലാണ് റോഡ് മാർഗ്ഗം വിലാപയാത്ര തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് എത്തുന്നത്.