ജൂബിലി തിരുനാൾ പ്രഭയിൽ പാലാ, ഭക്തിസാന്ദ്രമായി പ്രദക്ഷിണം, പ്രധാന തിരുനാൾ ഇന്ന്.


പാലാ: ജൂബിലി തിരുനാൾ പ്രഭയിൽ പ്രധാന തിരുനാളിനൊരുങ്ങി പാലാ. വെള്ളിയാഴ്ചയാണ് പ്രധാന തിരുനാൾ. വ്യാഴാഴ്ച രാവിലെ 11നു അമലോദ്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിച്ചു. നാരങ്ങാ മാലയും ഏലയ്ക്കാ മാലകളും നേര്ച്ച കാഴ്ചകളുമായി ആയിരക്കണക്കിന് വിശ്വാസികളാണ് അമലോദ്ഭവ മാതാവിനെ വണങ്ങി നേർച്ച കാഴ്ചകൾ സമർപ്പിച്ചത്. വൈകിട്ട് നടന്ന പ്രദക്ഷിണം ഭക്തി സാന്ദ്രമായി. ആയിരക്കണക്കിന് വിശ്വാസികളാണ് പ്രദക്ഷിണത്തിൽ പങ്കെടുത്തത്. വൈദ്യുത ദീപാലങ്കാരങ്ങളാൽ തിരുനാൾ പ്രഭയിൽ മുങ്ങി നിൽക്കുകയാണ് പാലാ നഗരം. പ്രധാന തിരുനാൾ ദിനമായ ഇന്ന്  രാവിലെ 6.30നു കുർബാന, സന്ദേശം, ലദീഞ്ഞ്, 8നു സെന്റ് മേരീസ് സ്കൂൾ വിദ്യാർഥിനികളുടെ മരിയൻ റാലി. 10 നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിച്ചു സന്ദേശം നൽകും. 11.45നു ജൂബിലി സാംസ്കാരിക ഘോഷയാത്ര, 12.45നു ടൂവീലർ ഫാൻസിഡ്രസ് മത്സരം, 1.30നു ബൈബിൾ ടാബ്ലോ മത്സരം. വൈകിട്ട് 4 നു അമലോദ്ഭവ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു ആഘോഷമായ പട്ടണ പ്രദക്ഷിണം ആരംഭിക്കും.