എരുമേലി: ക്രിസ്മസ് രാവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. തിരുപ്പിറവിയുടെ സന്ദേശവുമായി കരോൾ സംഘങ്ങൾ വീടുകളിൽ എത്തിത്തുടങ്ങി. ക്രിസ്മസ് രാവിന് ഇനി 4 നാളുകൾ കൂടി മാത്രം ശേഷിക്കവേ ഒരുക്കത്തിലാണ് വിപണി.
തിങ്കളാഴ്ച മുതൽ വിപണി സജീവമായതായി വ്യാപാരികൾ പറഞ്ഞു. വരും ദിവസങ്ങളിൽ വ്യാപാരം വർധിക്കുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരികൾ. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള കേക്ക് മേളകൾ തിങ്കളാഴ്ച മുതൽ ആരംഭിച്ചു. ബേക്കറികളിലും സൂപ്പർ മാർക്കറ്റുകളിലുൾ ഉൾപ്പടെ കേക്ക് മേളകൾ സജീവമായിക്കഴിഞ്ഞു. ആരാധനാലയങ്ങളിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലും കേക്ക് വിപണനം നടത്തുന്നുണ്ട്. പ്ലം, മാർബിൾ, ക്യാരറ്റ്, ഈന്തപ്പഴം, ചക്കപ്പഴം, റിച്ച് പ്ലം, പൈനാപ്പിൾ തുടങ്ങി വിവിധ ഫ്ലേവറുകളിൽ കേക്കുകൾ ലഭ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേക്കുകളുടെ വിലയിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടില്ല. ക്രീം കേക്കുകൾക്കും ആവശ്യക്കാർ ഏറെയാണ്.