അതിരമ്പുഴയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്; വീട്ടുമുറ്റസദസിൽ മന്ത്രിയുടെ ഉറപ്പ്.


കോട്ടയം: നവകേരള സദസിന് മുമ്പുതന്നെ അതിരമ്പുഴ കേന്ദ്രീകരിച്ച് കെ.എസ്. ആർ.ടി.സി സർവീസ് ആരംഭിക്കുമെന്ന് സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പത്താംവാർഡിൽ ബൈജു മാതിരമ്പുഴയുടെ വീട്ടിൽ ചേർന്ന വീട്ടുമുറ്റ സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  അതിരമ്പുഴ - എം. ജി. സർവകലാശാല - മാന്നാനം മേഖലയിലുള്ളവർക്ക് പ്രയോജനം ചെയ്യുന്ന വിധത്തിലായിരിക്കും കെ.എസ്.ആർ.ടി. ബസ് സർവീസ്.  അതിരമ്പുഴ പള്ളിപ്പെരുന്നാളിന് മുമ്പുതന്നെ അതിരമ്പുഴ ചന്ത നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നവകേരളസദസിന്റെ പ്രധാന്യം, ക്രമീകരണം, നടത്തിപ്പ് എന്നിവ സംബന്ധിച്ച് മന്ത്രി വിശദീകരിച്ചു. പൊതുജനങ്ങൾക്ക് വിവിധ പ്രശ്നങ്ങളിൽ പരാതി നൽകാനും പരിഹാരം തേടാനും പ്രത്യേക സൗകര്യമൊരുക്കും. ഇത്തരത്തിൽ ലഭിക്കുന്ന പരാതികൾ ഏറെ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടും. പെണ്ണാർ തോട് ആഴം കൂട്ടി നവീകരിക്കണമെന്നും തോട്ടുവക്കത്തെ അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കുട്ടനാട് പാക്കേജിൽനിന്ന് ഒഴിവാക്കപ്പെട്ട അതിരമ്പുഴ മേഖലയെ വീണ്ടും ഉൾപ്പെടുത്തണമെന്ന പരാമർശവും യോഗത്തിലുയർന്നു. മാന്നാനം പാലം പൊളിച്ച് പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന തടസം നീക്കിയതായും 23 കോടി രൂപയുടെ എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായതായും മന്ത്രി പറഞ്ഞു. അതിരമ്പുഴ  ഗ്രാമപഞ്ചായത്ത് സംഘാടകസമതി ചെയർമാൻ ജെയിംസ് കുര്യൻ അധ്യക്ഷത വഹിച്ചു. നവകേരള സദസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കൺവീനർ കെ.എൻ. വേണുഗോപാൽ, സംഘാടക സമിതി ഭാരവാഹികളായ പി.എൻ. സാബു, ജോസ് അരീക്കാട്ട്, ജോഷി ഇലഞ്ഞിയിൽ തുടങ്ങിയവർ പങ്കെടുത്തു.