എരുമേലി: മണ്ഡല-മകരവിളക്ക് ശബരിമല തീർത്ഥാടന കാലം ആരംഭിക്കാൻ ഇനി മൂന്നു ദിനങ്ങൾ കൂടി മാത്രം. രണ്ടു മാസം നീണ്ടു നിൽക്കുന്ന ശബരിമല തീർത്ഥാടനത്തിന്റെ അന്തിമ ഘട്ട ഒരുക്കത്തിലാണ് എരുമേലി. തീർത്ഥാടകരെ വരവേൽക്കാൻ എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു.
ഇനി വരുന്ന രണ്ടു മാസക്കാലം എരുമേലിയിൽ ശരണ മന്ത്രങ്ങൾ മുഴങ്ങിക്കേൾക്കും. തീർത്ഥാടകർ കുളിക്കുന്ന ക്ഷേത്രത്തിനോട് ചേർന്നുള്ള തോട് ശുചീകരണം നടത്തി. താത്ക്കാലിക കടകളുടെ നിർമ്മാണം പൂർത്തിയായി. ഹോട്ടലുകൾ, കൂൾബാറുകൾ, സിന്ദൂര കടകൾ എന്നിവ പ്രവർത്തനം ആരംഭിക്കാൻ സജ്ജമായിക്കഴിഞ്ഞു.
എരുമേലി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലും രാജാപ്പാടി മുതലുള്ള റോഡിന്റെ ഭാഗവും തകർന്നു കിടക്കുകയാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. പരമ്പരാഗത പാതയിൽ വൃശ്ചികം ഒന്നു മുതൽ തന്നെ തീർഥാടകരെ കടത്തിവിടാൻ നടപടികൾ പൂർത്തിയായിട്ടുണ്ട്.