കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ്സ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ താൽക്കാലികമായി അടച്ചു പൂട്ടിയിട്ട ഒരു മാസം, യാത്രക്കാർ ദുരിതത്തിൽ.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ്സ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും താൽക്കാലികമായി അടച്ചു പൂട്ടിയിട്ട ഒരു മാസം. ശൗചാലയ മാലിന്യങ്ങൾ സെപ്റ്റിക്ക് ടാങ്ക് കവിഞ്ഞൊഴുകിയതിനെത്തുടർന്ന് ബസ് സ്റ്റാൻഡിലേക്ക് ഒഴുകി പരന്നതിനെത്തുടർന്നാണ് വീണ്ടും താൽക്കാലികമായി കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയത്. സ്ത്രീകളടക്കം ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റാൻഡിലെത്തുന്നത്. ബസ് സ്റാൻഡിലേക്കൊഴുകിയ മലിന ജലം ബസ് സ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് നിരവധി രോഗങ്ങൾ സമ്മാനിച്ചേക്കാം. ഇതിനു മുൻപും സമാന സംഭവം ഇവിടെ ഉണ്ടായിട്ടും താൽക്കാലികമായി പണികൾ നടത്തിയ ശേഷം കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവർത്തിപ്പിക്കുകയായിരുന്നു. ഇപ്പോൾ അടച്ചു പൂട്ടിയതോടെ വലയുന്നത് സ്ത്രീകളടക്കമുള്ള യാത്രക്കാരാണ്. പ്രാഥമികാവശ്യങ്ങൾ സാധിക്കുന്നതിനായി മറ്റു സ്വകാര്യ സ്ഥാപനങ്ങളിലെ ശൗചാലയങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് വനിതാ യാത്രക്കാർ. പഞ്ചായത്തിനെ അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ് ഇങ്ങനെ തുടരെ തുടരെ സംഭവിക്കാൻ കാരണമെന്ന് ബസ് സ്റ്റാൻഡിലെ വ്യാപാരികളും യാത്രക്കാരും കുറ്റപ്പെടുത്തി. കംഫർട്ട് സ്റ്റേഷൻ താൽക്കാലികമായി അടച്ചിട്ടതോടെ തങ്ങളുടെ ചുമതല അവസാനിച്ചു എന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതർ.