ശബരിമല: അച്ഛന്റെ കൈകളിൽ ഇരുന്ന് ബംഗളൂരുവിൽ നിന്നും സന്നിധാനത്തെത്തി അയ്യപ്പനെ ദർശിച്ച 11 മാസം പ്രായമുള്ള കൃഷ്ണ എന്ന ആൺകുട്ടി ഏവരുടെയും മനം കവർന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ അച്ഛൻ ഭീമാ ശേഖറിനും ചേച്ചി നാല് വയസുകാരി കൃഷ്ണവേണിക്കും ഒപ്പമാണ് കൃഷ്ണ പതിനെട്ടാം പടി കയറി അയ്യപ്പനെ ദർശിച്ചത്. മറ്റൊരു ചേച്ചി ആറു വയസുള്ള കൃഷ്ണപ്രിയയും അമ്മ മഹേശ്വരിയും നിലയ്ക്കൽ ഗസ്റ്റ് ഹൗസിൽ കുഞ്ഞിന്റെ വരവും കാത്തിരിക്കുകയാണെന്ന് അച്ഛൻ പറഞ്ഞു. ആദ്യത്തെ രണ്ടും പെൺകുട്ടികൾ ആയതിനാൽ ഒരു ആൺകുട്ടി പിറന്നാൽ അതിനെ പതിനെട്ടാം പടി ചവിട്ടിക്കാം എന്ന പ്രാർഥനയുടെ പുണ്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു ഒറാക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ സീനിയർ ഫിനാൻഷ്യൽ അണലിസ്റ്റാണ് ഭീമ ശേഖർ.
