കനത്ത മഴ: മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു, കെ കെ റോഡിൽ മണ്ണും മരവും വീണ് ഗതാഗതം തടസ്സപ്പെട്ടു.


മുണ്ടക്കയം: ബുധനാഴ്ച ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ മഴയിൽ മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നു. മൂന്നു തവണയായി പെയ്ത ശക്തമായ മഴ ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ഇപ്പോഴും തോർന്നിട്ടില്ല. കനത്ത മഴയിൽ കെ കെ റോഡിൽ കൊടികുത്തിക്കും മുപ്പത്തിയഞ്ചാം മൈലിനുമിടയിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങളുടെ നീണ്ടനിരയാണ് പാതയിൽ അനുഭവപ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്നാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ശക്തമായ മഴവെള്ളത്തിന്റെ ഒഴുക്കിൽ റോഡിൽ മണ്ണും പാറക്കല്ലുകളും പതിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റിനു മുകളിലേക്ക് മരം വീണതിനാൽ വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. കനത്ത മഴയിൽ മണിമലയാറ്റിൽ മുണ്ടക്കയം,എരുമേലി,മണിമല മേഖലകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എരുമേലിയിൽ തോട്ടിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.