റോബിൻ ബസ്സ് പെർമിറ്റ് ലംഘനത്തിന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു, യാത്രക്കാരെ തമിഴ്നാട് സർക്കാർ പാലക്കാട് വരെ എത്തിക്കും, വേട്ടയാടൽ തുടർ


കോട്ടയം: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ പത്തനംതിട്ട-കോയമ്പത്തൂർ സർവ്വീസ് നടത്തിയ ഈരാറ്റുപേട്ട ഇടമറുക് സ്വദേശി പാറയിൽ ബേബി ഗിരീഷിന്റെ റോബിൻ ബസ്സ് വീണ്ടും തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടി. റോബിൻ ബസ്സ് പെർമിറ്റ് ലംഘനത്തിന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയ ശേഷം വിട്ടയച്ച ബസ്സാണ് ഇന്ന് വീണ്ടും പിടിച്ചെടുത്തിരിക്കുന്നത്. തുടർന്ന് യാത്രക്കാരെ തമിഴ്നാട് സർക്കാർ പാലക്കാട് വരെ എത്തിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. പാലക്കാട് നിന്നും പത്തനംതിട്ട വരെ യാത്രക്കാരെ സുരക്ഷിതരായി എത്തിക്കാൻ റോബിൻ മോട്ടോർസ് തന്നെ പാലക്കാട് മറ്റൊരു വാഹനം സജ്ജമാക്കിയിട്ടുണ്ട്. ഗാന്ധിപുരം ആർടിഒ ആണ് വാഹനം പിടിച്ചെടുത്തിരിക്കുന്നത്. കേരള സർക്കാരുമായി ആലോചിച്ച ശേഷം പെർമിറ്റ് ലംഘനത്തിനുള്ള പിഴ അടച്ച ശേഷം മാത്രമേ ബസ് വിട്ട് നൽകൂവെന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് അറിയിച്ചതായി ബസ് ഉടമ പറഞ്ഞു. കേരളത്തിന്റെ സമ്മർദ്ദമാണ് ബസ് കസ്റ്റഡിയിലെടുക്കാൻ കാരണമെന്നും എന്ത് പ്രതിസന്ധി വന്നാലും സർവീസുമായി മുന്നോട്ട് പോകുമെന്നും ബസ് ഉടമ റോബിൻ ഗിരീഷ് പറഞ്ഞു.