നവകേരള സദസ്: തയാറെടുപ്പുകൾ വിലയിരുത്തി ജില്ലാ കളക്ടർ.


കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് വേദിയാകുന്ന ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂൾ മൈതാനം  ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി സന്ദർശിച്ചു. പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്ന കൗണ്ടറുകൾ, പ്രവേശന കവാടം, വി.ഐ.പി ഇരിപ്പിടങ്ങൾക്കുള്ള മുറി, പാർക്കിങ് സൗകര്യം എന്നിവയുടെ ഒരുക്കങ്ങൾ വിലയിരുത്തി. ഡിസംബർ 13ന് രാവിലെ പത്തു മണിക്കാണ് ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസ്. സംഘാടകസമിതി കൺവീനറും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുമായ ബിനു ജോൺ, സംഘാടകസമിതി ജോയിന്റ് കൺവീനർ കെ.എൻ. വേണുഗോപാൽ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ആർ. രൂപേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.