രാജ്യാന്തരനിലവാരത്തിൽ ഇലവീഴാപൂഞ്ചിറ-മേലുകാവ് റോഡ്.


കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്തിൽ ഇലവീഴാപൂഞ്ചിറ-മേലുകാവ് റോഡിന്റെ നിർമാണം ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ പൂർത്തിയായി. 11.19 കോടി രൂപ ചെലവിൽ കാഞ്ഞാർ-കൂവപ്പള്ളി- ചക്കിക്കാവ്-ഇലവീഴാപൂഞ്ചിറ-മേലുകാവ് റോഡിന്റെ ഇലവീഴാപൂഞ്ചിറ മുതൽ മേലുകാവു വരെയുള്ള 5.5 കിലോമീറ്ററാണ് പുനർനിർമിച്ചത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് തകർന്നു കിടക്കുകയായിരുന്നു. 2021 സെപ്റ്റംബറിലാണ് റോഡിന്റെ നിർമാണം ആരംഭിച്ചത്. വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും സ്വപ്നമാണ് യാഥാർഥ്യമായത്. ഇതോടെ ഇല്ലിക്കൽക്കല്ല്, കട്ടിക്കയം തുടങ്ങിയ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് ഉണർവേകും. 5.5 മീറ്റർ വീതിയുള്ള റോഡിൽ ആവശ്യമായ സ്ഥലങ്ങളിൽ 21 കലുങ്കുകൾ, ഉപരിതല ഓടകൾ, സംരക്ഷണ ഭിത്തികൾ എന്നിവ നിർമിച്ചിട്ടുണ്ട്. സുരക്ഷിതമായ യാത്രയ്ക്കായി ക്രാഷ് ബാരിയറുകൾ, ദിശാസൂചകങ്ങൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.