ലൈഫിലൂടെ വീട്ടമ്മയ്ക്ക് വീടൊരുക്കി കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത്.

കോട്ടയം: ലൈഫ് ഭവന പദ്ധതിയിലൂടെ ഹൃദ്രോഗിയായ വീട്ടമ്മയ്ക്കും രോഗിയായ മകനും കുടുംബത്തിനും വീടൊരുക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്. 21-ാംവാർഡിൽ പാറമട ഭാഗത്ത് വെട്ടിയാക്കൽ വീട്ടിൽ ലീലാമ്മ രാജപ്പനും അരയ്ക്കു താഴെ തളർന്നിരിക്കുന്ന മകൻ സജി രാജപ്പനുമാണ് ലൈഫ് പദ്ധതിയിലൂടെ വീടൊരുങ്ങിയത്. ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു സജിയുടെ ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ഭാര്യ ബിന്ദുവിന്റെ വരുമാനം മാത്രമായിരുന്നു ഇവരുടെ ആശ്രയം. പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് പഞ്ചായത്തംഗം മഞ്ജു മാത്യു ലൈഫ് ഭവനപദ്ധതിയിൽ കുടുംബത്തെ ഉൾപ്പെടുത്തുകയായിരുന്നു. ലൈഫ് ഭവനപദ്ധതിയിലൂടെ ലഭിച്ച നാലു ലക്ഷം രൂപയും സന്നദ്ധസംഘടന നൽകിയ നാലു ലക്ഷം രൂപയും ചേർത്താണ് 585 ചതുരശ്ര അടിയുള്ള വീടിന്റെ നിർമാണം പൂർത്തീകരിച്ചത്. രണ്ടു കിടപ്പു മുറി, ഹാൾ, അടുക്കള, ശുചിമുറി എന്നിവയാണ് വീട്ടിലുള്ളത്. വീടിന്റെ താക്കോൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ ലീലാമ്മ രാജപ്പന് കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, പഞ്ചായത്തംഗങ്ങളായ മഞ്ജു മാത്യു, വി.പി. രാജൻ, ബിജു പത്യാല, സന്നദ്ധ സംഘടന പ്രതിനിധികളായ ജോജി കോഴിമല, സണ്ണി നന്നാംകുഴി എന്നിവർ പങ്കെടുത്തു.