കോട്ടയത്ത് ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവം: ഷൈമോളുടെ മരണം ആത്മഹത്യയല്ലെന്നു സൂചന, യുവതി ക്രൂരമായ മർദനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്


കോട്ടയം: കോട്ടയത്ത് ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ യുവതിയുടെ മരണം ആത്മഹത്യയല്ലെന്നു സൂചന. കോട്ടയം അതിരമ്പുഴ കാട്ടൂപ്പാറ ഷൈമോൾ സേവ്യർ(24) ആണ് ഈ മാസം 7നു രാവിലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൈമോൾ ക്രൂരമായ മർദനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിയുടെ വയറിനുള്ളിൽ രക്തം വാർന്നു കെട്ടിക്കിടന്നിരുന്നതായും കാലിൽ പഴയതും പുതിയതുമായ മുറിവുകൾ ഉള്ളതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഭർത്താവ് അതിരമ്പുഴ ശ്രീകണ്ഠമംഗലം പനയത്തിക്കവല പാക്കത്തുകുന്നേൽ അനിൽ വർക്കി (26)യെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ മരണം തൂങ്ങി മരണം തന്നെയാണോയെന്നു റിപ്പോർട്ടിൽ സംശയം പറയുന്നുണ്ട്. സംഭവത്തിൽ ഭർതൃപിതാവ് വർക്കിയെ(56) പോലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴുത്തിലെ കശേരുക്കൾക്കു ഒടിവോ പൊട്ടലോ ഇല്ലെന്നും തൂങ്ങിമരണമാണെങ്കിൽ അതു സംഭവിക്കേണ്ടതാണെന്നും ഇത് സംഭവയ്ക്കാത്തതിനാൽ തൂങ്ങി മരണമാണോയെന്നു സംശയമുള്ളതായും റിപ്പോർട്ടിൽ പറയുന്നു.