ഏകാരോഗ്യവുമായി ബന്ധപ്പെട്ട പദ്ധതി വിലയിരുത്തലിനായി ലോക ബാങ്ക് സംഘം കോട്ടയത്തെത്തി.


കോട്ടയം: ലോകബാങ്ക് സഹായത്തോടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ എന്നി ജില്ലകളില്‍ നടപ്പിലാക്കുന്ന ഏകാരോഗ്യപദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി നേരില്‍ വിലയിരുത്തുന്നതിനായി കോട്ടയം ജില്ലയിലെ വിവിധ ആശുപത്രികള്‍ ലോകബാങ്ക് സംഘം സന്ദര്‍ശിച്ചു. ജന്തുരോഗങ്ങളും കാലാവസ്ഥവ്യതിയാനവും ജലഅന്തരീക്ഷമലിനീകരണവും മൂലമുള്ള രോഗങ്ങളും പടരുന്ന സാഹചര്യത്തില്‍ മനുഷ്യനൊപ്പം ഇതരജീവികളുടെയും പരിസ്ഥിതിയെയും ഉള്‍ക്കൊള്ളുന്നതാണ് ഏകാരോഗ്യം എന്ന കാഴ്ചപ്പാട്. മനുഷ്യന്റെ നിലനില്‍പ്പു തന്നെ മറ്റു ജീവജാലങ്ങളുടെ ആരോഗ്യവും,പരിസ്ഥിതിസംരക്ഷണവും കണക്കിലെടുത്താണ് എന്നുള്ളതുകൊണ്ട് തന്നെ ഏകാരോഗ്യം പദ്ധതി വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ജില്ലയില്‍ കുമരകം സാമൂഹികാരോഗ്യ കേന്ദ്രം,പാറമ്പുഴ കുടുംബാരോഗ്യകേന്ദ്രം, പറമ്പൂക്കര ജനകീയാരോഗ്യകേന്ദ്രം, പാമ്പാടി താലൂക്ക് ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നി സ്ഥാപനങ്ങളില്‍ ലോകബാങ്ക് സംഘം സന്ദര്‍ശനം നടത്തി. കഴിഞ്ഞവര്‍ഷമാണ് ഈ പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ജില്ലാപഞ്ചായത്തുതലത്തില്‍ ഏകആരോഗ്യസമിതികള്‍ രൂപികരിച്ചു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബോധവല്‍ക്കരണം നല്‍കുവാനായിരുന്നു നിര്‍ദേശം. ഇതിനായി 15ലക്ഷം രൂപ ജില്ലക്കായി അനുവദിച്ചു. ആശുപത്രിതലത്തില്‍ ജീവിതശൈലിരോഗനിയന്ത്രണപ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നിലവില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുമാണ് സംഘം വിലയിരുത്തിയത് ലോകബാങ്ക് റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.സതീഷ്‌കുമാര്‍, ഡോ. ദീപികചൗധരി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ളസംഘമാണ് ജില്ലയിലെത്തിയത്. ജില്ലാമെഡിക്കല്‍ഓഫീസര്‍ ഡോ.എന്‍.പ്രിയ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അജയ് മോഹന്‍, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ജെസ്സി, ഡോ.സിതാര, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.ഭാഗ്യശ്രീ എന്നിവര്‍ ടീമിനൊപ്പം ഉണ്ടായിരുന്നു.