ഏറ്റുമാനൂരിനെ സമ്പൂർണ്ണ മാലിന്യമുക്ത നിയോജക മണ്ഡലമാക്കാൻ 'വൃത്തി'പദ്ധതിക്ക് തുടക്കം, കേരളത്തിലെ ആദ്യ സമ്പൂർണ്ണ മാലിന്യമുക്ത നിയോജകമണ്ഡലം എന്ന പദവിയിലേ


ഏറ്റുമാനൂർ: ഏറ്റുമാനൂരിനെ സമ്പൂർണ്ണ മാലിന്യമുക്ത നിയോജക മണ്ഡലമാക്കാൻ 'വൃത്തി'പദ്ധതിക്ക് തുടക്കം. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിൽ നടപ്പാക്കുന്ന വൃത്തി കർമ്മപദ്ധതി ഞായറാഴ്‌ച സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളേജും പരിസര പ്രദേശങ്ങളും ശുചീകരിച്ചുമാണ് വൃത്തി കാമ്പയിൻ ആരംഭിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയും പരിസരപ്രദേശങ്ങളും വൃത്തിയാക്കാനുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവർ പങ്കാളികളായി. കേരളത്തിലെ ആദ്യ സമ്പൂർണ്ണ മാലിന്യമുക്ത നിയോജക മണ്ഡലം എന്ന പദവിയിലേക്ക് ഏറ്റുമാനൂർ മണ്ഡലത്തെ എത്തിക്കുന്നതിനുള്ള പരിപാടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇന്ന് മുതൽ ആരംഭിച്ചിരിക്കുന്നത് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സന്നദ്ധസംഘടനകൾ, രാഷ്ട്രീയപാർട്ടികൾ, മത, സാമുദായിക സംഘടനകൾ, യുവജനസംഘടനകൾ, സഹകരണ ബാങ്കുകൾ, മഹാത്മാഗാന്ധി സർവ്വകലാശാല, മെഡിക്കൽ കോളേജ്, സ്‌കൂൾ, കോളേജ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ, എൻ.എസ്.എസ്, എൻ.സി.സി, സ്റ്റുഡന്റ് പോലീസ്, ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ഹരിതകർമ്മസേന, കുടുബശ്രീ, ആശവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും നാളെ മുതൽ ആരംഭിക്കുന്ന പദ്ധതിക്കൊപ്പം അണിചേർന്നിട്ടുണ്ട്. ജനകീയ പങ്കാളിത്തതോടെ കേരളത്തിലെ ആദ്യ സമ്പൂർണ്ണ മാലിന്യമുക്ത നിയോജകമണ്ഡലം എന്ന പദവിയിലേക്ക് ഏറ്റുമാനൂരിലെ എത്തിക്കാനുള്ള നടപടികളാണ് മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. മെഡിക്കൽ കോളേജിലെയും കുട്ടികളുടെ ആശുപത്രികളിലെയും ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രി കോമ്പൗണ്ടും പൊതുവഴികളും പരിസരപ്രദേശങ്ങളും ശുചീകരിച്ചത്.