മാലിന്യ മുക്ത ഏറ്റുമാനൂർ-വൃത്തി പദ്ധതി: മെഡിക്കൽ കോളജും ജലാശയങ്ങളും ശുചീകരിച്ചു തുടക്കം, തിങ്കളാഴ്ച ഒരു ലക്ഷം പേരുടെ ശുചീകരണ പ്രവർത്തനം.


കോട്ടയം: ഒക്ടോബർ ഒന്നാം തീയതി മുഴുവൻ ജലാശങ്ങളിലെയും മാലിന്യങ്ങൾ നീക്കിയും കോട്ടയം മെഡിക്കൽ കോളേജും പരിസര പ്രദേശങ്ങളും ശുചീകരിച്ചും വൃത്തി കാമ്പയിനു ഇന്ന് തുടക്കം. പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. മെഡിക്കൽ കോളജ് മേഖല, കുട്ടികളുടെ ആശുപത്രിയുടെ മേഖല എന്നിവിടങ്ങളിലാണ് ഞായറാഴ്ച്ച ശുചീകരണം നടത്തിയത്. മെഡിക്കൽ കോളജിലെയും കുട്ടികളുടെ ആശുപത്രിയിലെയും ഡോക്ടർമാർ, നഴ്സുമാർ വിദ്യാർത്ഥികൾ മറ്റ് ജീവനക്കാർ, എൻ.എസ്.എസ് വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. 500 പേരുടെ സ്ക്വാഡാണ് ഇവിടെ ശുചീകരണത്തിനായി എത്തിയത്. ഞായറാഴ്ച്ച രാവിലെ മുതൽ തദ്ദേശ സ്ഥാപനങ്ങളിലെ ജലാശയങ്ങളിലെ ശുചീകരണവും ആരംഭിചിരുന്നു. പ്‌ളാസ്റ്റിക്ക് മാലിന്യം അടക്കം ശേഖരിച്ച് വൃത്തിയാക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുനിസിപ്പാലിറ്റിയും പഞ്ചായത്തുകളും ഇതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ഇതിനായി വള്ളങ്ങളും ബോട്ടും ഒരുക്കിയിട്ടുണ്ട്. ടൂറിസം മേഖലയിലെ സംഘടനകളുടെ പിന്തുണയും ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. വൃത്തി കാമ്പയിന്റെ ഭാഗമായി രണ്ടാം തീയതി പൊതുനിരത്തിലെയും പൊതുഇടങ്ങളിലെയും മാലിന്യ നീക്കം നടത്താൻ ഒരു ലക്ഷം പേരാണ് മണ്ഡലത്തിൽ അണിചേരുന്നത്. ഏറ്റവും വലിയ ശുചിത്വ കാമ്പയിനുകളിൽ ഒന്നായി ഇത് മാറും. പൊതു ഇടങ്ങൾ ശുചീകരിച്ച് അവിടങ്ങളിൽ പൂന്തോട്ടങ്ങൾ ഒരുക്കി മനോഹരമാക്കുവാനും ഇതിന്റെ ഭാഗമായി ലക്ഷ്യമിട്ടിണ്ടുണ്ട്. സ്‌കൂളുകളും കോളജുകളും സഹകരണ ബാങ്കുകളുമടക്കം നിരവധി സ്ഥാപനങ്ങൾ പൂന്തോട്ടങ്ങൾ ഒരുക്കാൻ തയാറായി രംഗത്ത് എത്തിയിട്ടുണ്ട്. ഒരു തദേശസ്വയം ഭരണ സ്ഥാപനത്തിൽ 5 വീതം സ്നേഹാരാമങ്ങൾ എൻ.എസ്.എസ്. വോളിണ്ടിയേഴ്സ് ഒരുക്കും. മാലിന്യ കാമ്പയിൻ പൂർത്തികരിക്കുന്നതിനൊപ്പം റോഡ് മനോഹരമാക്കൽ കൂടി നടത്തുവാണ് ലക്ഷ്യമിടുന്നത്. രണ്ടാം തീയതിയിലെ മെഗാ ക്‌ളീനിങ്ങ് കഴിഞ്ഞാൽ ഒക്ടോബർ 7 നാണ് അടുത്ത ഘട്ടം. ഓഫീസുകൾ, അംഗനവാടികൾ, സ്കളുകൾ, ആശുപത്രികൾ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ശുചീകരണമാണ് അന്നു നടക്കുക. ഒക്ടോബർ 8ന് വാണിജ്യസ്ഥാപനങ്ങൾ, ചന്തകൾ തുടങ്ങിയ സ്ഥലങ്ങളുടെ ശുചീകരണം നടക്കും. ഇവർക്കെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അറിയിപ്പ് നൽകി കഴിഞ്ഞു. വ്യാപാരി വ്യവസായി സംഘടനകൾ പദ്ധതിക്കൊപ്പം അണിചേർന്നിട്ടുണ്ട്. ഹരിതകർമ്മ സേന അംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കാത്ത അജൈവ മാലിന്യങ്ങൾ ക്ലീൻകേരള കമ്പനിയുമായി സഹകരിച്ച് റീ സൈക്‌ളിങ്ങിനായി മാറ്റുന്നുണ്ട്. മണ്ഡലത്തിലെ എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇവ ശേഖരിച്ച് നീക്കം ചെയ്യും.  വൃത്തി 2023 വോളിന്റിയർമാർ ശേഖരിക്കുന്ന മാലിന്യങ്ങൾ ക്ലീൻകേരള കമ്പനിക്ക് കൈമാറും. ഇതിനായി ഒരോ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റിക്കും ദിവസങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. തിരുവാർപ്പ് പഞ്ചായത്തിലെ മാലിന്യശേഖരണം ഒക്ടോബർ 12-ാം തീയതിയാണ്. അയ്മനം 12, ആർപ്പുക്കര 14, കുമരകം 19, അതിരമ്പുഴ 22, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി 23, നീണ്ടൂർ 24 എന്നീ ദിവസങ്ങളിൽ മറ്റിടങ്ങളിലെ മാലിന്യശേഖരണം നടക്കും. ഇങ്ങനെ സംഭരിക്കുന്ന മാലിന്യം ക്‌ളസ്റ്റർ കേന്ദ്രീകരിച്ച് സംഭരിച്ച് വയ്ക്കും. അവിടെ നിന്ന് ക്ലീൻകേരള കമ്പനിയുടെ വാഹനം എത്തി നീക്കം ചെയ്യും. നവംബർ 1-ന് ഏറ്റുമാനൂർ മാലിന്യമുക്തമാക്കി പ്രഖാപിക്കുന്ന രീതിയിലാണ് നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.  മാലിന്യ നീക്കവും സംസ്‌കരണവും നടക്കുന്നുണ്ടോ എന്നറിയുന്നതിനായി സോഷ്യൽ ഓഡിറ്റിങ്ങ് വൃത്തി 2023 ന്റെ ഭാഗമായി നടത്തുന്നുണ്ട്. പദ്ധതി മോണിട്ടർ ചെയ്യുന്നതിനും പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിനായി പൊതുജനങ്ങൾക്കായി സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. അത് ഔദ്യോഗിമായി അടുത്ത ദിവസം റിലീസ് ചെയ്യും. അവരുടെ കൂടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും വാർഡ് തലത്തിലെ പ്രഖ്യാപനം. എല്ലാ വാർഡുകളിലെയും പരിശോധന പൂർത്തിയാക്കി മണ്ഡലത്തെ മാലിന്യമുക്തമാക്കുന്നിന്റെ പ്രഖ്യാപനവും നടത്തും. ഹരിതകർമ്മ സേനയുടെ പ്രവർത്തനം പൂർണ്ണമായും നടക്കുന്ന മണ്ഡലമായി ഏറ്റുമാനൂരിനെ മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. ഇതിനായി വാർഡു മെമ്പർമാരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തി ഇക്കാര്യം ഉറപ്പാക്കുന്നുണ്ട്. ഏതെങ്കിലും മേഖല പിന്നോക്കം നിൽക്കുന്നുണ്ടെങ്കിൽ അവരെ മുന്നിലെത്തിക്കാൻ വേണ്ടി ടീമുകളും ക്‌ളസ്റ്റർ അടിസ്ഥാനത്തിൽ തയാറാക്കിയിട്ടുണ്ട്. നൂറുശതമാനവും ഹരിതകർമ്മ സേന കവർ ചെയ്യുന്ന കേരളത്തിലെ ആദ്യനിയോജകമണ്ഡലം എന്ന പദവിയിലേക്ക് ഏറ്റുമാനൂരിനെ മാറ്റും. ആ നിരയിലേക്ക് ഏറ്റുമാനൂർ മണ്ഡലം എത്തുന്നതോടെ മാലിന്യമുക്ത മണ്ഡലം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ തടസ്സമില്ലാതെ നീങ്ങും. വൃത്തി-2023 കാമ്പയിന്റെ ഭാഗമായി മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്ത്, വാർഡ് മെമ്പർ, മികച്ച വാർഡ്, മികച്ച സ്‌കൂൾ, കോളജ് അംഗനവാടി,മികച്ച ഹരിത കർമ്മ സേന യൂണിറ്റ്, ഹരിതകർമ്മ സേനയുടെ 100 ശതമാനം കവറേജ് എത്തിയ വാർഡ് എന്നിവയ്ക്ക് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.