വെള്ളൂർ: അഗ്നിബാധയുണ്ടായ വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് വൈക്കം എം.എൽ.എ സി.കെ ആശ സന്ദർശിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. കടുത്തുരുത്തിയിൽ നിന്നും പിറവത്തു നിന്നും അഗ്നിരക്ഷാ സേനയുടെ 6 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. തീ പിടിത്തത്തിൽ ആളപായമോ മറ്റു അപകടങ്ങളോ ഇല്ലെന്നു എം.എൽ.എ സി.കെ ആശ പറഞ്ഞു. കമ്പനിയിലെ അഗ്നിരക്ഷാ മാർഗ്ഗങ്ങളെല്ലാം കൃത്യമായിരുന്നതിനാലാണ് വളരെ വേഗത്തിൽ തീ അണയ്ക്കാൻ സാധിച്ചതെന്നും എം എൽ എ പറഞ്ഞു. തീ പിടിത്തത്തിൽ പ്രധാന മെഷീനുകളടക്കം കത്തി നശിച്ചു. പേപ്പർ മെഷീന്റെ ഭാഗത്താണ് തീപിടിച്ചത്. വൈകിട്ട് ചെറിയ പുകയും തീയും കണ്ട ജീവനക്കാരാണ് അധികൃതരെയും തുടർന്ന് അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചത്. സ്ഥലത്ത് കറുത്ത പുക മറയായിരുന്നു. വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ നികിത കുമാർ, വെള്ളൂർ പോലീസ് എന്നിവർ സ്ഥലത്തെത്തി. തീ പിടിക്കാനുള്ള കാരണങ്ങൾ എന്താണെന്ന് അന്വേഷിക്കുന്നതായും നിലവിൽ നാശനഷ്ടങ്ങൾ എത്രയാണെന്ന് കണക്കാക്കിയിട്ടില്ല എന്നും എം എൽ എ പറഞ്ഞു.