വിവരസാങ്കേതിക വിദ്യയുടെ കാലത്തിനനുസരിച്ച് ജീവിതം മാറ്റാൻ 'തിരികെ സ്കൂളിലേക്ക്' പദ്ധതി തുണയാകും: മന്ത്രി വി.എൻ. വാസവൻ.


കോട്ടയം: ആധുനിക വിവര സാങ്കേതിക വിദ്യയുടെ കാലത്തിനനുസരിച്ച് സ്ത്രീകളുടെ ജീവിതത്തിൽ എല്ലാ നിലയിലും മാറ്റം വരുത്താൻ 'തിരികെ സ്കൂളിലേക്ക് 'പദ്ധതി സഹായിക്കുമെന്ന് സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കുടുംബശ്രീ മിഷന്റെ അയൽക്കൂട്ട കാമ്പയിൻ തിരികെ സ്കൂളിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുടമാളൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഠനം ജീവിതാന്ത്യം വരെ തുടരുന്ന ഒന്നാണ്.  പഠനാവതരണത്തിൽ വളരെയേറെ മാറ്റങ്ങൾ വന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പഴയ കാലത്തെ ഒടിഞ്ഞ കാലുള്ള ബഞ്ചും പൊട്ടിപൊളിഞ്ഞ തറയും മാറി. വിദേശങ്ങളിലിരുന്ന് കേരളത്തിൽ ക്ലാസുകൾ നയിക്കുന്ന അവസ്ഥയിലേക്ക് ഇന്നത്തെ ക്ലാസുകൾ മാറി. സൗരയൂഥത്തെ കുറിച്ച് പഠിക്കുമ്പോൾ സൂര്യനും ചന്ദ്രനുമെല്ലാം വിദ്യാർത്ഥികളുടെ വിരൽതുമ്പിലെത്തും. കാലത്തിനൊത്ത് വിവര സാങ്കേതിക വിദ്യ പോലെയുള്ള പുതിയ വിഷയങ്ങൾ പഠിക്കേണ്ടതും അറിയേണ്ടതും ആവശ്യകതയായി മാറിയിട്ടുണ്ട്. അതിനാലാണ്  ഇതൊരു വിഷയമായി തിരികെ സ്കൂളിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  പ്രായമായസ്ത്രീകൾക്കും പുതു തലമുറയോടൊപ്പം എത്താനും പദ്ധതി സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ സൗമ്യമോൾ മുക്കോലക്കൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സി. നവീൻ,  കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ പ്രകാശ് ബി.നായർ, പ്രധാനാധ്യാപിക രജനി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രത്നകുമാരി എന്നിവർ പങ്കെടുത്തു.