പൊൻകുന്നം വാഹനാപകടം: മരണപ്പെട്ട 3 പേർ തിടനാട്-പള്ളിക്കത്തോട് സ്വദേശികൾ, 2 പേരുടെ നില ഗുരുതരം.


പൊൻകുന്നം: പൊന്കുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത് തിടനാട്-പള്ളിക്കത്തോട് സ്വദേശികൾ. തിടനാട് മഞ്ഞാങ്കൽ തുണ്ടിയിൽ ആനന്ദ് (24), പള്ളിക്കത്തോട് സ്വദേശികളായ വിഷ്ണു, ശ്യാംലാൽ എന്നിവരാണു മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പള്ളിക്കത്തോട് അരുവിക്കുഴി ഓലിക്കൽ അഭിജിത് (23), അരീപ്പറമ്പ് കുളത്തൂർ അഭി (18) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പൊൻകുന്നം റോഡിൽ പൊൻകുന്നത്തിനു സമീപം കൊപ്രക്കളത്ത് ബുധനാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. ഓട്ടോയിൽ 5 യാത്രക്കാരാണുണ്ടായിരുന്നത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേർന്നാണ് വാഹനത്തിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും 3 പേരുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോ യാത്രികരായ 2 പേരുടെ നില ഗുരുതരമാണ്. പൊൻകുന്നത്തുനിന്ന് കൂരാലിഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിരെയെത്തിയ ജീപ്പ് ദിശതെറ്റി വന്ന്‌ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഓട്ടോയിലുണ്ടായിരുന്നവർ സ്വകാര്യബസ് ജീവനക്കാരാണ്. ഇളങ്ങുളം സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ ജീപ്പ്. മൂന്നുപേരുടെയും മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി. ജീപ്പിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.