മണിമല: ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ തട്ടിപ്പുകൾ തുടരുകയാണ്. വ്യക്തികളുടെ വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ഇപ്പോൾ ഈ സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം മണിമല സ്വദേശിനിയായായ യുവതിക്ക് നഷ്ടമായത് 65000 രൂപയാണ്. മണിമല കരിമ്പനക്കുളം സ്വദേശിനിയായായ യുവതി വിദേശ പഠനത്തിന് ശേഷം നാട്ടിൽ തിരികെ എത്തിയതായിരുന്നു. സർട്ടിഫിക്കറ്റുകൾ കൊറിയർ വഴി അയച്ചതായി സ്ഥാപനത്തിൽ നിന്നും യുവതിക്ക് അറിയിപ്പ് ലഭിച്ചിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റ് കാത്തിരുന്ന യുവതിക്ക് ഫോണിൽ ഒരു സന്ദേശം ലഭിച്ചു. കൊറിയർ എത്തിച്ചു നൽകുന്നതിനായി 2 രൂപയുടെ കുറവ് ഉണ്ടെന്നും അതിനാൽ കൊറിയർ തടഞ്ഞു വെച്ചിരിക്കുകയാണെന്നുമായിരുന്നു സന്ദേശം. 2 രൂപ നൽകാനായി ലിങ്കിൽ ക്ലിക്ക് ചെയ്ത പണം അടയ്ക്കാനായിരുന്നു നിർദേശം. സർട്ടിഫിക്കറ്റുകൾ ലഭിക്കേണ്ടത് അത്യാവശ്യമായതിനാൽ യുവതി 2 രൂപ അയച്ചു നൽകി. എന്നാൽ പിറ്റേ ദിവസം തന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 65000 രൂപയാണ് നഷ്ടമായത്. സമാനമായ രീതിയിൽ മണിമല സ്വദേശിയായ യുവാവിനും പണം നഷ്ടമായിരുന്നു. കേരളത്തിന് പുറത്ത് പഠനം പൂർത്തീകരിച്ചു നാട്ടിലെത്തിയ യുവാവിനും സർട്ടിഫിക്കറ്റ് എത്തിച്ചു നൽകാൻ 2 രൂപയുടെ കുറവുണ്ടെന്നും അറിയിച്ചു സന്ദേശം എത്തിയിരുന്നു. തുടർന്ന് 2 രൂപ അയച്ച യുവാവിന്റെ പണവും നഷ്ടമായിരുന്നു. പഴയിടം സ്വദേശിക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപയാണ്. അമേരിക്കയിൽ നിന്നും ഒരു ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്നും 65 ലക്ഷം രൂപയുടെ സമാധാനത്തിനായി ഒന്നര ലക്ഷം രൂപ കസ്റ്റംസ് ക്ലിയറന്സിനായി നൽകണമെന്നുമാണ് ആവശ്യപ്പെട്ടത്. പണം നൽകിയതിന് പിന്നാലെ വീണ്ടും പണം ആവശ്യപ്പെട്ട് ഫോൺ വിളികൾ എത്തിയതോടെ പഴയിടം സ്വദേശി പോലീസിൽ പരാതി നൽകുകയായിരുന്നു. ഓൺലൈൻ തട്ടിപ്പ് അംഗങ്ങൾ ഇപ്പോൾ വ്യക്തി വിവരങ്ങൾ ശേഖരിച്ചു പുതിയ രീതിയിലാണ് തട്ടിപ്പ് നടത്തുന്നത്. ഓരോ ഇടപാടുകളിലും ജാഗ്രത പാലിച്ചില്ലെങ്കിൽ അക്കൗണ്ടിലെ തുക മുഴുവനും നഷ്ടമായേക്കാം.