കൊച്ചി: കൊച്ചി മെട്രോ -വാട്ടർ മെട്രോ യാത്ര ആസ്വദിച്ച് കോട്ടയത്തെ 600ലേറെ വയോജനങ്ങൾ. വാഴൂർ ഗ്രാമപഞ്ചായത്തിലെ 60 വയസിനു മുകളിലുള്ള 600 പേരടങ്ങുന്ന വയോജനങ്ങളുടെ സംഘം ആണ് കൊച്ചി മെട്രോ -വാട്ടർ മെട്രോ യാത്ര നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജിയുടെ നേതൃത്വത്തിൽ മെമ്പർമാരടക്കം 55 വോളണ്ടിയർമാരുൾപ്പെടെ 655 പേരടങ്ങുന്നതായിരുന്നു സംഘം. കെ.എം.ആർ.എല്ലിന്റെ സഹകകരണത്തോടെയായിരുന്നു യാത്ര. പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നേരിട്ട് ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് യാത്ര സംഘടിപ്പിച്ചത്. വയോജനങ്ങൾക്ക് നൂതന ഗതാഗത സംവിധാനങ്ങൾ പരിചപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു യാത്ര സംഘടിപ്പിച്ചത്. 16 ബസ്സുകളിലായാണ് സംഘം യാത്രയ്‌ക്കെത്തിയത്. സംഘം രണ്ടായി തിരിഞ്ഞു ഒരു സംഘം നേരിട്ട് ഹൈക്കോടതി ജംഗ്ഷനിലെ വാട്ടർ മെട്രോ ടെർമിനലിലെത്തി വാട്ടർ മെട്രോ യാത്ര നടത്തി. രണ്ടാമത്തെ സംഘം എസ്.എൻ ജംഗ്ഷൻ മെട്രോ സ്‌റ്റേഷനിൽ നിന്ന് ഇടപ്പള്ളി സ്റ്റേഷനിലേക്ക് മെട്രോ റെയിൽ യാത്ര നടത്തി. തുടർന്ന് സംഘങ്ങൾ രണ്ടാമത് വാട്ടർ മെട്രോയിലും മെട്രോ റെയിലിലും യാത്ര നടത്തി.