ജലജീവൻ മിഷൻ; കങ്ങഴയിൽ പൈപ്പുകൾ സ്ഥാപിച്ചു തുടങ്ങി.


കോട്ടയം: ജലജീവൻ മിഷൻ പദ്ധതിയുടെ കീഴിൽ കങ്ങഴ ഗ്രാമപഞ്ചായത്തിലെ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. 140 കോടി രൂപ ചെലവിൽ കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകൾക്കുവേണ്ടിയുള്ള സമഗ്രകുടിവെള്ള പദ്ധതിയുടെ ഭാഗമാണിത്. പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനാവശ്യമായ ഒരേക്കർ സ്ഥലവും അതതു പഞ്ചായത്തുകളിൽ ഓവർഹെഡ് ടാങ്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥലവും വാട്ടർ അതോറിറ്റിക്ക് ലഭ്യമാക്കിയിട്ടുണ്ട്. ടാങ്കുകളും, ട്രീറ്റുമെന്റ് പ്ലാന്റുകളും പണിയാനുള്ള സ്ഥലങ്ങൾ ഗ്രാമപഞ്ചായത്തുകൾ നൽകണമെന്നതാണ് പദ്ധതിയുടെ വ്യവസ്ഥ. ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ ടാങ്ക് എന്നിവയുടെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കും. കറുകച്ചാൽ, നെടുംകുന്നം പഞ്ചായത്തുകളുടെ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തിയും രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കും. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ മൂന്നു പഞ്ചായത്തുകളിലെ പ്രാദേശിക കുടിവെള്ള പദ്ധതികളുടെ അപര്യാപ്തത മറികടക്കാനാകും. മണിമലയാറ്റിൽ ഉള്ളൂർ പടിയിൽനിന്ന് വെള്ളം പമ്പുചെയ്ത് നെടുകുന്നം പഞ്ചായത്തിലെ പ്ലാന്റിൽ ട്രീറ്റുചെയ്ത് അതത് പഞ്ചായത്തുകളിൽ സ്ഥാപിക്കുന്ന ഓവർഹെഡ് ടാങ്കുകളിൽ ശേഖരിച്ചാണ് ശുദ്ധജലം വിതരണം ചെയ്യുക. പത്തനാട് കവലയിൽ നടന്ന ചടങ്ങിൽ കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാ ബീഗം അധ്യക്ഷയായി. കങ്ങഴ ഗ്രാമപഞ്ചായത്തംഗങ്ങളായ എ.എം. മാത്യു ആനിത്തോട്ടം, മുഹമ്മദ് ഷിയാസ്, വത്സലകുമാരി കുഞ്ഞമ്മ, സി.വി.തോമസുകുട്ടി, ഷിബു ഫിലിപ്പ്, അനു ബിനോയി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.