എരുമേലിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി നഗരം മുങ്ങിയ പ്രളയം, എരുമേലിയും മണിമലയും കാഞ്ഞിരപ്പള്ളിയും സാക്ഷ്യം വഹിച്ച മണിമലയാറിന്റെ വലിയ പ്രളയത്തിന് 2 വയസ


എരുമേലി: എരുമേലിയും മണിമലയും മുണ്ടക്കയവും കാഞ്ഞിരപ്പള്ളിയും സാക്ഷ്യം വഹിച്ച മണിമലയാറിന്റെ വലിയ പ്രളയത്തിന് ഇന്ന് 2 വയസ്സ്. എരുമേലിക്കാർക്ക് ഇപ്പോഴും ഓർമ്മകളിൽ മഴക്കലിയുടെ നടുക്കം വിട്ടുമാറിയിട്ടില്ല. കനത്ത മഴയിൽ വെള്ളം ഇരച്ചെത്തിയ ഓർമ്മകളുടെ നടുക്കത്തിൽ നിന്നും 2 വർഷത്തിന് ശേഷവും എരുമേലി നിവാസികൾ മോചിതരായിട്ടില്ല.

2021 ഒക്ടോബർ 15 നു വെള്ളിയാഴ്ച്ച വൈകിട്ടോടെ ആരംഭിച്ച മഴ ഒക്ടോബർ 16 ശനിയാഴ്ച രാവിലെയോടെ ശക്തി പ്രാപിച്ച് പ്രളയത്തിന് വഴി മാറുകയായിരുന്നു. എരുമേലിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി നഗരം മുങ്ങിയ പ്രളയത്തിന് ഇന്ന് 2 വയസ്സ് തികയുമ്പോൾ ഇപ്പോഴും ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല വ്യാപാരികളും എരുമേലി നിവാസികളും. കനത്ത മഴയിൽ ജില്ലയുടെ കിഴക്കൻ മേഖലയായ കൂട്ടിക്കലിൽ ഉരുൾപൊട്ടിയതോടെ മണിമലയാറ്റിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു. എരുമേലി വലിയ തോട്ടിൽ ജലനിരപ്പ് ഉയർന്നത്തോടെ കൊരട്ടി മണിമലയറിലേക്കുള്ള വെള്ളമൊഴുക്ക് തടസ്സപ്പെടുകയും തോട്ടിൽ ജലനിരപ്പ് ഉയരുകയുമായിരുന്നു. ഒരു നിമിഷത്തിലാണ് ഇരച്ചെത്തിയ വെള്ളം എരുമേലി നഗരത്തിലേക്ക് ഒഴുകിയെത്തിയത്. എരുമേലി വലിയ അമ്പലത്തിൽ വെള്ളം കയറി. എരുമേലി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലും രാജാപ്പടി മുതൽ പേട്ട കവല വരെയും കാഞ്ഞിരപ്പള്ളി റോഡിൽ സെന്റ്. തോമസ് സ്കൂൾ ജംഗ്ഷൻ മുതൽ കൊരട്ടി വരെയും ഒരാൾ പൊക്കത്തിലധികം വെള്ളം ഉയർന്നു കയറുകയായിരുന്നു.

എരുമേലി കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി വരെയുള്ള ഭാഗത്ത് വെള്ളം കയറി ഗതാഗതം സാധ്യമായില്ല. കെ എസ് ആർ ടി സി ഓഫീസിലും റേഷൻ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. എരുമേലിയുടെ ചരിത്രത്തിൽ ആദ്യമായാണ് നഗരത്തിൽ ഇത്രത്തോളം ഉയർന്നു വെള്ളമെത്തുന്നതെന്നു മുതിർന്നവരും പറയുന്നു. ഒരു നിമിഷത്തിൽ വെള്ളത്തിന്റെ നിലയിൽ ഉയർച്ച ഉണ്ടായത്തോടെ സമീപവാസികൾ ആശങ്കയിലായിരുന്നു. നിരവധി വീടുകളിൽ വെള്ളം കയറി. 2 എ ടി എം കൗണ്ടാറുകളിൽ വെള്ളം കയറി പ്രവർത്തന രഹിതമായി. അതേസമയം എരുമേലി പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ് റോഡിലും ബസ്സ് സ്റ്റാൻഡിലും വെള്ളം കയറിയില്ല. അക്ഷയ കേന്ദ്രത്തിലും കൃഷി ഭവനിലും വെള്ളം കയറി. എരുമേലി തോട്ടിൽ നിന്നുമുള്ള വെള്ളം നിമിഷ നേരം കൊണ്ട് കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് ഇരച്ചെത്തുകയായിരുന്നു. സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന 3 ബസ്സുകളിൽ വെള്ളം കയറി. ഓഫീസും ഗ്യാരേജ്ജും വെള്ളം കയറി മുങ്ങിയ അവസ്ഥയിലായിരുന്നു. ബസ്സ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ജീവനക്കാരുടെ ഇരുചക്ര വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിലായിരുന്നു. രാവിലെ ഡ്യുട്ടിക്ക് എത്തിയവരുടെ വാഹനങ്ങളായിരുന്നു സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്നത്. 30 ലധികം ഇരുചക്ര വാഹനങ്ങളാണ് വെള്ളത്തിനടിയിലായത്. ഓഫീസിനുള്ളിൽ വെള്ളം കയറി ഇലക്ട്രോണിക്ക് ഉപകരണങ്ങളും ടിക്കറ്റ് മെഷീനുകളും ടിക്കറ്റുകളും റാക്കുകളും നശിച്ചു. ഗ്യാരേജ്ജ്ജിൽ വെള്ളം കയറിയതോടെ മെക്കാനിക്കൽ ഉപകരണങ്ങളെല്ലാം വെള്ളത്തിനടിയിലായി. കൂട്ടിക്കൽ മേഖലയിൽ ഉരുള്പൊട്ടലുണ്ടാകുകയും വെള്ളം ഇരച്ചെത്തുകയും ചെയ്തതോടെ മണിമലയാറിൽ ജലനിരപ്പ് ഉയരുകയായിരുന്നു. മുണ്ടക്കയം മുതൽ മണിമലയാറിനോട് ചേർന്ന് കിടക്കുന്ന നഗര-ഗ്രാമീണ മേഖലകളിലെല്ലാം പ്രളയം താണ്ഡവമാടുകയായിരുന്നു. മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലും കുരിശിങ്കലിലും ചിറക്കടവിലും വെള്ളം ഉയർന്നു പൊങ്ങുകയായിരുന്നു.

വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തിയവരും വ്യാപാര സ്ഥാപനങ്ങളിൽ എത്തിയവരുമെല്ലാം വെള്ളം അപകടകരമായി ഉയർന്നതോടെ വളരെ വേഗത്തിൽ വീടുകളിലേക്ക് തിരികെ പോകുകയായിരുന്നു.കുരിശിങ്കലിൽ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. കാഞ്ഞിരപ്പള്ളി മണിമല റോഡിലും വെള്ളം കയറി. മണിമലയാറിന്റെ പ്രളയക്കലിയിൽ മണിമലയെ ഒന്നാകെ മുക്കിക്കളയുകയായിരുന്നു. മണിമലയാറിൽ നിന്നും ജലനിരപ്പ് ഉയർന്നതോടെ മണിമല പള്ളിപ്പടിയിലും ബസ്സ് സ്റ്റാൻഡ് മുതൽ മൂങ്ങാനി വരെയും വെള്ളം ഉയരുകയായിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളാണ് വെള്ളത്തിനടിയിലായത്. മണിമല ബസ്സ് സ്റ്റാൻഡും പെട്രോൾ പമ്പും മണിമല പോലീസ് സ്റ്റേഷനും പ്രളയത്തിൽ മുങ്ങി. എരുമേലി കൊരട്ടി കുറുവാമൂഴിയിൽ മണിമലയാറ്റിൽ നിന്നും വെള്ളം ഇരച്ചു കയറി പത്തിലധികം വീടുകളാണ് തകർന്നത്.