ശബരിമല സർവ്വീസിലുള്ള കെ എസ് ആർ ടി സി യുടെ കുത്തക തകർന്നേക്കും, ഇത്തവണ പമ്പയിലേക്ക് സർവീസ് നടത്താനൊരുങ്ങി സ്വകാര്യ ബസ്സുകളും.


കോട്ടയം: കെ എസ് ആർ ടി സി യുടെ കുത്തക സർവീസ് ആയിരുന്ന ശബരിമല സർവ്വീസിൽ ഇത്തവണ തകർച്ച നേരിടാൻ സാധ്യത. ഇത്തവണ ശബരിമലയിലേക്ക് സ്വകാര്യ ബസ്സുകളും സർവീസ് നടത്തിയേക്കും. ഇതോടെ കോർപ്പറേഷന് കിട്ടിക്കൊണ്ടിരുന്ന ലക്ഷങ്ങളുടെ വരുമാനത്തിനു മങ്ങലേൽക്കും. ഇത് ആദ്യമായാണ് മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് ശബരിമലയിലേക്ക് സ്വകാര്യ ബസുകൾ സർവ്വീസിനൊരുങ്ങുന്നത്. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ടൂർ ഒപ്പറേറ്റര്മാർക്ക് രാജ്യത്ത് എവിടെയും സർവീസ് നടത്താൻ സംസ്ഥാന പെർമിറ്റുകൾ ആവശ്യമില്ല എന്ന കേന്ദ്ര സർക്കാരിന്റെ നിയമത്തിന്റെ പിൻബലത്തിലാണ് സ്വകാര്യ ബസ്സുകൾ ശബരിമല സർവ്വീസിന് ഒരുങ്ങുന്നത്. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള സ്വകാര്യ ബസ്സിന്റെ സർവീസ് ഗതാഗത വകുപ്പ് തടഞ്ഞിരുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ലഭിക്കുന്നത് ടൂറിസ്റ്റുകളുമായി യാത്ര ചെയ്യാനാണെന്ന് എന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. ബോർഡ് വെയ്ക്കാനോ വഴിയിൽ നിന്നു ആളുകളെ കയറ്റി ഇറക്കാനോ അനുമതി ഇല്ലെന്നും ഓൺലൈൻ ബുക്കിംഗ് വഴി യാത്രക്കാരെ കണ്ടെത്തണം എന്നും മന്ത്രി നിയമങ്ങളെ അടിസ്ഥാനമാക്കി പറഞ്ഞിരുന്നു. എന്നാൽ ശബരിമല തീർത്ഥാടനം ടൂറിസത്തിൽ ഉൾപ്പെടുന്നതിനാൽ സംസ്ഥാനത്തിനു അകത്തു നിന്നും പുറത്തു നിന്നും ശബരിമലയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളെ തടയാനാകില്ല.