കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു, കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പമ്പിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു സ്‌കൂട്ടർ താഴ്ചയിലേക്ക് പതിച്ചു.


കാഞ്ഞിരപ്പള്ളി: ജില്ലയിൽ മഴ വീണ്ടും ശക്തി പ്രാപിച്ചു. ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ മഴ ശക്തമായി തുടരുകയാണ്. ഇടവിട്ടുള്ള കനത്ത മഴയിൽ മണിമല, മീനച്ചിൽ, മൂവാറ്റുപുഴയാറുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇന്നലെ പെയ്ത കനത്ത മഴയിൽ കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പമ്പിന്റെ സംരക്ഷണ ഭിത്തി തകർന്നു സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ താഴ്ചയിലേക്ക് പതിച്ചു. കാഞ്ഞിരപ്പള്ളി കുരിശിങ്കലിൽ പ്രവർത്തിക്കുന്ന പമ്പിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. പമ്പിനു സമീപം നിർമ്മാണ പ്രവർത്തനങ്ങൾക്കായി മണ്ണ് മാറ്റിയിരുന്നു. ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ തുടരുന്നതോടെ മലയോര മേഖലയിലുള്ളവർ ഭീതിയിലാണ്. മഴ വീണ്ടും ശക്തമായതോടെ ജില്ലയിൽ കളക്ടറേറ്റിലും താലൂക് ഓഫീസുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.