കോട്ടയം: മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ കോട്ടയം നഗരത്തിൽ കൾച്റൽ സെന്റർ നിർമ്മിക്കാൻ ഒരുങ്ങുന്നു. 3500 പേർക്ക് പങ്കെടുക്കാവുന്ന സമ്മേളനങ്ങൾ നടത്താനും 1700 പേർക്ക് ഭക്ഷണം കഴിക്കാനും പറ്റുന്ന സൗകര്യങ്ങളോടായിരിക്കും നിർമ്മാണം. മാർ ഏലിയാ കത്തീഡ്രലിന് സമീപത്തെ എം ഡി കൊമേർഷ്യൽ സെന്ററിന് പിന്നിലെ എം ഡി സെമിനാരി വളപ്പിലാണ് നാലു നിലയിൽ 80000 ചതുരശ്ര അടിയുള്ള കൾചറൽ സെന്റർ ഉയരുന്നത്. താഴത്തെ രണ്ടു നില വാഹന പാർക്കിങ്ങിനും മൂന്നും നാലും നിലകളിലായി ഓഡിറ്റോറിയങ്ങളും ആധുനിക സംവിധാനങ്ങളുള്ള സ്റ്റേജുകളും നിർമ്മിക്കും. 3 വി ഐ പി ലോഞ്ചും 6 ഗസ്റ്റ് റൂം സൗകര്യങ്ങളും ഇതോടൊപ്പം ഒരുക്കും. മലങ്കര സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം കൾചറൾ സെന്ററിന്റെ പ്രാഥമിക കാര്യങ്ങൾ ചർച്ച ചെയ്തു. രണ്ടു വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാണ് പദ്ധതി.