പുതുപ്പള്ളിയിൽ വിവാദങ്ങൾ ഒഴിയുന്നില്ല, ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽ ഡി എഫ് സ്ഥാനാർഥി ജെയിക് സി തോമസിന്റെ വിജയത്തിനായി കുറിപ്പ്! പരിഹാസരൂപേണ സമൂഹമാധ്യമ


പുതുപ്പള്ളി: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനിടയിലും പുതുപ്പള്ളിയിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററാണ് ഇപ്പോൾ പുതിയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നത്. എൽ ഡി എഫ് സ്ഥാനാർഥി ജെയിക് സി തോമസിന്റെ വിജയത്തിനായി പ്രാർത്ഥിക്കണമേ എന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ, വി.ചാണ്ടി സാറേ... സഖാവ് ജെയ്ക്കിന്റെ വിജയത്തിനു വേണ്ടി പ്രാർഥിക്കണമേ..' എന്നെഴുതിയ പോസ്റ്ററാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് ചുറ്റും കെട്ടിയ തുണിയിലാണ് നിവേദനം പ്രത്യക്ഷപ്പെട്ടത്. ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കുന്നവർ നിവേദനങ്ങളും പ്രാർത്ഥനകളും ഇവിടെയാണ് സമർപ്പിക്കുന്നത്. മെൽബിൻ എന്ന് പേരുള്ള ഒരാളുടെ സമൂഹമാധ്യമ അക്കൗണ്ടിലാണ് ചിത്രവും ഒപ്പം കുറിപ്പും പ്രത്യക്ഷപ്പെട്ടത്. പുതുപ്പള്ളി പള്ളിയേയും സഭയേയും അന്തരിച്ച ഉമ്മൻ ചാണ്ടിയെയും ചാണ്ടി ഉമ്മനെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തനങ്ങളെന്നു കോൺഗ്രസ്സ് ആരോപിച്ചു. പരിഹാസരൂപേണ സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിപ്പിച്ചതിൽ കടുത്ത വിമർശനവുമായി കോൺഗ്രസ്സ് പ്രവർത്തകർ രംഗത്തെത്തി. ‘ഇലക്ഷൻ ആയോണ്ട് രാവിലെ പുതിയ പുണ്യാളന്റെ അടുത്തുപോയി സഖാവ് ജെയിക്കിന്റെ വിജയത്തിനു വേണ്ടി പ്രാർഥന സമർപ്പിച്ചിട്ടുണ്ട്. പുണ്യാളൻ ഒറിജിനൽ ആണോന്ന് എട്ടാം തീയതി അറിയാം.’... എന്നിങ്ങനെയുള്ള പരിഹാസരൂപേണ കുറിപ്പും രേഖപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററിന്റെ എതിർത്തും പിന്തുണച്ചും നിരവധി കമന്ടുകളുമുണ്ട്.