കോട്ടയം: ചൈനയിലെ ഹാങ്ചോയിൽ നടക്കുന്ന 19-ാം ഏഷ്യൻ ഗെയിംസിൽ തായ്ക്കോണ്ട ഗോദയിലേയ്ക്ക് ചുവട് വയ്ക്കാനൊരുങ്ങി കോട്ടയം സ്വദേശിനി മാർഗരറ്റ് മരിയ റെജി. കോട്ടയം കടുത്തുരുത്തി കല്ലറ സ്വദേശിയായ പഴുക്കാത്തറയിൽ റെജി മോൻ കുര്യന്റെയും ജയ് മോളുടെയും മകളായ മാർഗരറ്റ് മരിയ റെജി(26)യാണ് നാളെ ഭാരതത്തിനായി തായ്ക്കോണ്ട മത്‌സരവേദിയിലേക്ക് പോരാട്ടത്തിനിറങ്ങുന്നത്. തായ്ക്കോണ്ട മത്സ്യയിനത്തിൽ മുൻപും മാർഗരറ്റ് മരിയ റെജി ഇന്ത്യയിൽ ഒന്നാം സ്ഥാനവും അന്താരാഷ്ട്ര ലെവലിൽ ഗോൾഡ് മെഡലിസ്റ്റുമായിരുന്നു. നേപ്പാളിലെ കാണ്ട്മണ്ടുവിൽ നടന്ന മൗണ്ട് എവറസ്റ്റ് തായ്ക്കോണ്ട ഇന്റർ നാഷണൽ ഓപ്പൺ മീറ്റിൽ സ്വർണ്ണ തീളക്കവുമായാണ് മാർഗരറ്റ് തിരികെയെത്തിയത്. 73 കിലോ തായ്ക്കോണ്ടയിൽ ആണ് മാർഗരറ്റ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.