ഏറ്റുമാനൂര്‍ കുടുംബാരോഗ്യകേന്ദ്രംനിര്‍മാണം അന്തിമ ഘട്ടത്തില്‍.

ഏറ്റുമാനൂർ: കോട്ടയം മെഡിക്കല്‍ കോളേജ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒ.പി, അത്യാഹിത വിഭാഗം ബ്ലോക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. പ്ലംബിംങ്, ഇലക്ട്രിക്കല്‍ ജോലികള്‍ എന്നിവയാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. രണ്ട് നിലകളിലായാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. 9888 ചതുരശ്ര അടിയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.78 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിക്കുന്നത്. താഴത്തെ നിലയില്‍ നാല് ഒ.പി. കേന്ദ്രം, അത്യാഹിത വിഭാഗം, മൈനര്‍ ഒ.ടി, ഡ്രസ്സിംങ് റൂം, നഴ്‌സിംഗ് സ്റ്റേഷന്‍, കുത്തിവെപ്പ് മുറി, നെബുലൈസേഷന്‍ മുറി, ശൗചാലയം,ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേകം സജ്ജീകരിച്ച ശൗചാലയങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. ഒന്നാം നിലയില്‍ ഹൗസ് സര്‍ജന്‍മാരുടെ ഡ്യൂട്ടി മുറി, ലോബി ഹാള്‍, ഇ- ഹെല്‍ത്ത് റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്. നിലവില്‍ 400 ഓളം രോഗികള്‍ ദിനംപ്രതി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തുന്നുണ്ട്. ഒ.പി സമയം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെയാണ്.