കോട്ടയം ജില്ലാ ആശുപത്രി മിനി മെഡിക്കൽ കോളജ് നിലവാരത്തിലേക്ക് ഉയരും: മന്ത്രി വി.എൻ. വാസവൻ.


കോട്ടയം: പുതിയ മൾട്ടി സ്പെഷാലിറ്റി മന്ദിരത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കോട്ടയം ജില്ലാ ആശുപത്രി മിനി മെഡിക്കൽ കോളജ് ആശുപത്രിയുടെ ആധുനിക നിലവാരത്തിലേക്ക് ഉയരുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കിഫ്ബി സഹായത്തോടെ കോട്ടയം ജില്ലാ ആശുപത്രിയിൽ നിർമിക്കുന്ന പുതിയ മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിന്റെ കോർ കമ്മിറ്റി അവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിക്കായി കിഫ്ബിയിൽ നിന്നും 129.89 കോടി രൂപയുടെ ഭരണാനുമതിയാണ് നിലവിൽ ലഭിച്ചത്. അർദ്ധ സർക്കാർ സ്ഥാപനമായ ഇൻകെൽ ലിമിറ്റഡിനാണ് നിർമാണ ചുമതല. 2,86,850 ചതുരശ്രയടി വിസ്തൃതിയുള്ള 10 നില മന്ദിരമാണ് നിർമിക്കുന്നത്. 35 ഒ.പി. ഡിപ്പാർട്ടുമെന്റുകൾ, 391 ബെഡുകൾ, 10 ഓപ്പറേഷൻ തീയറ്ററുകൾ, സൂപ്പർ സ്പെഷാലിറ്റി ഒ.പി.-ഐ.പി, സി.ടി, എം.ആർ.ഐ. മെഷിനുകൾ, മാമോഗ്രാഫി, ഫാർമസിയും ലിഫ്റ്റ് സൗകര്യങ്ങളും കെട്ടിടത്തിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും അപാകതകൾ ഒഴിവാക്കി മുന്നോട്ടു പോകാൻ കോർ കമ്മിറ്റിയുടെ സൂക്ഷ്മ നിരീക്ഷണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷനായി. കെട്ടിടം നിർമിക്കുന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട മുൻകരുതലുകൾ യോഗത്തിൽ ചർച്ചയായി. മുറിച്ചു മാറ്റേണ്ട മരങ്ങൾ, വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കൽ, ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കൽ, വിവിധ വകുപ്പുകളുടെ ഏകോപനം, ആശുപത്രി പരിസരത്തെ വാഹന പാർക്കിങ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നീ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. 24 മാസമാണ് കെട്ടിടത്തിന്റെ നിർമാണ കാലാവധി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, നഗരസഭാംഗം സിൻസി പാറയിൽ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദു കുമാരി, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. സി.ജെ. സിതാര, ഇൻകെൽ ഉദ്യോഗസ്ഥർ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.