പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പൂർണം, പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച.


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർണ്ണമായതായി ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നതിനായി കളക്ട്രേറ്റിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച രാവിലെ രാവിലെ ഏഴിന് ബസേലിയോസ് കോളജിൽ ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥരെ സ്ട്രോങ് റൂം പ്രവർത്തിക്കുന്ന ബസേലിയസ് കോളജിൽ നിന്ന് പോളിങ് ബൂത്തുകളിൽ എത്തിക്കുന്നതിനായി 27 ബസുകൾ, 14 ട്രാവലറുകൾ,13 ജീപ്പ് എന്നിവയുൾപ്പെടെ 54 വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 228 വീതം കൺട്രോൾ, ബാലറ്റ് യൂണിറ്റുകളുടെയും വി.വി. പാറ്റുകളുമാണ് തയാറാക്കിയിട്ടുള്ളത്. ഇവ കൂടാതെ 19 വി.വി. പാറ്റുകൾ കൂടി അധികമായി കരുതിയിട്ടുണ്ട്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 പ്രിസൈഡിങ് ഓഫീസർ, 182 ഫസ്റ്റ് പോളിംഗ് ഓഫീസർ, 182 സെക്കൻഡ് പോളിംഗ് ഓഫീസർ, 182 തേഡ് പോളിംഗ് ഓഫീസർ എന്നിങ്ങനെയാണ് പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 144 ഉദ്യോഗസ്ഥരെ റിസർവ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ അഞ്ചുപേരായിരിക്കും ഒരു പോളിങ് സംഘത്തിലുണ്ടാവുക. 16 സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ്182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 5.30 മുതൽ പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിംഗ് ബൂത്തുകളിലെ നടപടികൾ കളക്‌ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കാൻ കഴിയും. സി-ഡിറ്റ്, ഐ.ടി മിഷൻ, അക്ഷയ, ബി.എസ്.എൻ.എൽ എന്നിവ സംയുക്തമായാണ് സംവിധാനമൊരുക്കുന്നത്.പോളിംഗ് സ്‌റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർക്കും തെരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാർക്കും മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്. സുരക്ഷയ്ക്ക് കേന്ദ്രസായുധ പൊലീസുംവോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പോലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ച് ഡിവൈ.എസ്.പിമാർ, ഏഴ് സി.ഐമാർ, 58 എസ്.ഐ/എ.എസ്.ഐമാർ, 399 സിവിൽ പോലീസ് ഓഫീസർമാർ, 142 സായുധപോലീസ് ബറ്റാലിയൻ അംഗങ്ങൾ, 64 കേന്ദ്രസായുധപോലീസ് സേനാംഗങ്ങൾ(സി.എ.പി.എഫ്.) എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എ.ഡി.ജി.പി., ഡി.ഐ.ജി., സോണൽ ഐ.ജി., ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവർത്തിക്കും. 21 പേർ അടങ്ങുന്നതാണ് ഒരു സ്‌ൈട്രക്കിംഗ് ഫോഴ്‌സ്.