"കാണം വിറ്റാലും ഇത്തവണ ഓണമുണ്ണാൻ സാധിച്ചേക്കില്ല" പച്ചക്കറി വില കുതിക്കുന്നു.


കോട്ടയം: "കാണം വിറ്റാലും ഇത്തവണ ഓണമുണ്ണാൻ സാധിച്ചേക്കില്ല", പച്ചക്കറി വില കുതിക്കുകയാണ്. ഓണത്തിന് കഷ്ടിച്ച് ഒരു മാസം മാത്രം ശേഷിക്കവേ വിപണിയിൽ പച്ചക്കറിക്ക് തീ പിടിച്ച വിലയാണ്. സാധരണയായി ഓണ സമയത്തിനു മുൻപായി പച്ചക്കറി വില കുറയുകയും ഓണസമയമെത്തുമ്പോഴേക്കും പച്ചക്കറിക്ക് വില കൂടുകയുമായിരുന്നു പതിവ്. എന്നാൽ ഇത്തവണ ഓണത്തിനും മാസങ്ങൾക്ക് മുൻപേ പച്ചക്കറി വില കുതിച്ചുയർന്നിരുന്നു. പച്ചക്കറി വില കുതിച്ചുയർന്നതോടെ അടുക്കള ബഡ്ജറ്റ് താളം തെറ്റിയിരിക്കുകയാണ്. തക്കാളിക്ക് 160 രൂപയും ഇഞ്ചിക്ക് 300 രൂപയും വെളുത്തുള്ളിക്ക് 180 രൂപയുമാണ് ഇപ്പോഴത്തെ വില നിലവാരം. ചേന,ചേമ്പ്,പച്ചമുളക് എന്നിവയ്ക്കും വില കൂടുതലാണ്. ബീൻസ്, പാവക്ക, കൂർക്ക,കാരറ്റ് എന്നിവയ്ക്കും വില ഉയർന്നു തന്നെ. വിപണിയിൽ വിലക്കയറ്റം പിടിച്ചു നിർത്താനുള്ള സർക്കാർ ഇടപെടൽ കാര്യക്ഷമമാകുന്നില്ല എന്ന പരാതിയാണ് ജനങ്ങൾക്കുള്ളത്. ഹോ​ര്‍ട്ടി​കോ​ര്‍പ്​ കേ​ന്ദ്ര​ങ്ങ​ളി​ലും പ​ച്ച​ക്ക​റി​വി​ല​യി​ല്‍ കുറവില്ല എന്നാണു ജനങ്ങൾ പറയുന്നത്. പച്ചക്കറിക്കൊപ്പം മത്സ്യ വിലയും ഉയർന്നു തന്നെയാണ്.