കോട്ടയം: കോട്ടയത്തിനു വിസ്മയ കാഴ്ച്ചകൾ സമ്മാനിച്ചു പിങ്ക് വസന്തമായി ആമ്പൽ വസന്തം മലരിക്കലിലും അമ്പാട്ടുകടവിനുമൊപ്പം കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിലുമുണ്ട്. സഞ്ചാരികൾ അധികമെത്താത്ത പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് കൊല്ലാട് കിഴക്കുപുറത്താണ് ആമ്പൽ വിസ്മയം പൂത്തുലഞ്ഞു നിൽക്കുന്നത്. കോട്ടയം നഗരത്തിൽ നിന്നും ആറര കിലോമീറ്റർ മാത്രമാണ് നയന വിസ്മയകരമായ ഈ കാഴ്ച്ചകളിലേക്കുള്ള ദൂരം. 200 ഏക്കർ പാടശേഖരത്തിൽ നിലവിൽ 110 ഏക്കറിലധികം സ്ഥലത്താണ് ആമ്പൽ പൂവിട്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും കൂടുതൽ ശ്രദ്ധ കവർന്നിരിക്കുന്നത് മലരിക്കലും അമ്പാട്ടുകടവുമായതിനാൽ സഞ്ചാരികൾ എത്തുന്നതും അവിടേക്കാണ്. കഴിഞ്ഞ നാല് വർഷത്തോളമായി കേട്ടറിഞ്ഞു കൂടുതൽ ആളുകൾ കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽപ്പാടം കാണാനായി എത്തുന്നുണ്ട്. വള്ളത്തിൽ സഞ്ചരിച്ചു ആമ്പൽ പൂക്കൾ അടുത്തു കാണുന്നതിനും സൗകര്യമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഫോട്ടോഷൂട്ടുകൾക്കായും ആളുകൾ എത്തിയിരുന്നു. കോട്ടയത്തിന്റെ സ്വന്തം ആമ്പൽ വസന്തം ഇനി മലരിക്കലിലും അമ്പാട്ടുകടവിനുമൊപ്പം കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിലും കാണാം.